തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾ പഠിക്കാൻ തെലങ്കാനയ്ക്ക് പിന്നാലെ ഒഡിഷ, കർണാടക സംസ്ഥാനങ്ങളും ഡൽഹിയും കേരളത്തിന്റെ സഹായംതേടുന്നു. തെലങ്കാന സർക്കാരിന്റെ 12 അംഗ പ്രതിനിധിസംഘം രണ്ടുദിവസത്തെ സന്ദർശനത്തിനെത്തി. സംഘം മന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥർ എന്നിവരുമായി ചർച്ചനടത്തി. കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണ് മൂന്ന്‌ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും രോഗം മറ്റുള്ളവരിലേക്ക് പകരാതെ തടയാനായതെന്ന് മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ പരിശീലനം, സുരക്ഷാമാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസൊലേഷൻ വാർഡ് സജ്ജീകരണം, ഉപകരണലഭ്യത തുടങ്ങിയവ സംഘം കണ്ടുമനസ്സിലാക്കി. കെറോണ പ്രതിരോധപ്രവർത്തനത്തിൽ ഒഡിഷ, ഡൽഹി, കർണാടക സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യർഥിച്ചതായി മന്ത്രി പറഞ്ഞു.

കോവിഡ്-19 രോഗം ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽനിന്ന്‌ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് തെലങ്കാന ജി.എച്ച്.എം.സി. അഡീഷണൽ കമ്മിഷണർ ബി. സന്തോഷ് ഐ.എ.എസ്. പറഞ്ഞു. പഠനറിപ്പോർട്ട് തെലങ്കാന ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിലെ സുരക്ഷാസജ്ജീകരണങ്ങളും സംഘം വിലയിരുത്തി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വിശദീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവ സംഘം സന്ദർശിച്ചു. ശനിയാഴ്ച ആലപ്പുഴ സന്ദർശിക്കും. കോവിഡ്-19 അവലോകനയോഗങ്ങളിലും സംഘം പങ്കെടുക്കും.

ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മഹ്ബൂഖൻ, ഗാന്ധി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശ്രാവൺകുമാർ, ഹൈദരാബാദ് ജില്ലാ മെഡിക്കൽഓഫീസർ ഡോ. വെങ്കിടി, തെലുങ്കാന എൻ.എച്ച്.എം. ഡയറക്ടർ ഡോ. രഘു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൽ ഖേൽക്കർ, മെഡിക്കൽസർവീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡോ. നവജ്യോത്‌സിങ്‌ ഖോസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ആറ്റുകാൽ പൊങ്കാല: ആശങ്ക വേണ്ടെന്ന് മന്ത്രി

കൊറോണ വൈറസ് ബാധ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല നടത്തുന്നതുസംബന്ധിച്ച് ആശങ്കവേണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട ആവശ്യമില്ല. രോഗലക്ഷണങ്ങൾ ഉള്ളവർമാത്രം ആൾക്കൂട്ടത്തിൽ പോകരുതെന്ന നിർദേശമേയുള്ളൂ. രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണ്. ഭീതിയല്ല വേണ്ടത്, ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

content highlights; More States Come to Kerala for Learn Corona Virus Resistance