തിരുവനന്തപുരം: പോലീസിനെയും പോലീസ് മേധാവിയെയും കുറ്റപ്പെടുത്തുന്ന സി.എ.ജി. റിപ്പോർട്ടിനു പിന്നാലെ വേറെയും ഗുരുതരവീഴ്ചകൾ പുറത്തുവരുന്നു. കെൽട്രോണുമായി ചേർന്ന് പോലീസ് നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) ആണ് വിവാദമാകുന്നത്. വലിയ സാമ്പത്തിക-വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ജൂവലറികൾ തുടങ്ങിയ സ്ഥലങ്ങളെ സി.സി.ടി.വി. നിരീക്ഷണത്തിലാക്കി പോലീസ് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
ഇത് ‘ഗാലക്‌സോൺ’ എന്ന സ്വകാര്യ ഏജൻസിക്ക് കെൽട്രോൺ മറിച്ചുനൽകി. സി.സി.ടി.വി. ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നത് ഗാലക്‌സിയോൺ ആണ്. സിംസിന് പോലീസ് ആസ്ഥാനത്ത് 2000 ചതുരശ്രയടി വലുപ്പമുള്ള കെട്ടിടം കെൽട്രോണിന് സർക്കാർ വിട്ടുനൽകിയിരുന്നു. ഈ കെട്ടിടവും കെൽട്രോൺ കൈമാറി.
കെട്ടിടത്തിനു മാറ്റംവരുത്തുന്നത് ഉൾപ്പെടെയുള്ളവയ്ക്ക് പൂർണസ്വാതന്ത്ര്യവും കൺട്രോൾ റൂമിലെ എല്ലാ വിവരങ്ങളും ഉപയോഗിക്കാനും നിയന്ത്രിക്കാനും 15 വർഷത്തേക്ക് അധികാരവും നൽകി. സർക്കാരിന്റേതടക്കം ഏതു സ്ഥാപനങ്ങൾക്കും വീടുകൾക്കും സുരക്ഷാ ക്രമീകരണമൊരുക്കുന്ന പണി സ്വകാര്യ ഏജൻസിക്ക് ഏറ്റെടുക്കാമെന്നും കെൽട്രോൺ ഉറപ്പുനൽകി.
മോഷണശ്രമമോ മറ്റോ ഉണ്ടാകുമ്പോൾ കൺട്രോൾ റൂമിൽ അപായമണി മുഴങ്ങും. ഞൊടിയിടയിൽ സമീപത്തെ പോലീസ് സ്റ്റേഷനിൽനിന്ന് പോലീസുകാരെത്തുന്നതാണ് പദ്ധതിയുടെ രീതി. പോലീസിലേക്കുള്ള സന്ദേശം ഗാലക്‌സോണിന്റേതായി പോകരുതെന്ന് കെൽട്രോൺ നിഷ്‌കർഷിച്ചിട്ടുണ്ട്. അത് കെൽട്രോൺവഴി നൽകും. പോലീസ് രേഖകളിൽ സ്വകാര്യ പങ്കാളിത്തം മറച്ചുവെക്കാനായിരുന്നു ഈ നീക്കം.
പോലീസുകാരുടെ സഹായവും കാര്യക്ഷമമായ ഇടപെടലുമാണ് പദ്ധതിയുടെ ആകർഷണവും വിജയവും. പോലീസിൽ സ്വകാര്യ ഏജൻസിക്ക് നിയന്ത്രണമില്ലാത്തതിനാൽ അത് ഉറപ്പുവരുത്താൻ കെൽട്രോൺ നടപടിയെടുക്കണമെന്ന് കരാറിൽ നിർദേശിക്കുന്നുണ്ട്. ഇതിനുവേണ്ടി വരുമാനത്തിന്റെ മൂന്നുശതമാനം പോലീസിനു നൽകാമെന്നാണു വ്യവസ്ഥ.
ബാക്കി 97 ശതമാനം വരുമാനവും കെൽട്രോണിന്റെ കണക്കിൽവരും. അത് കെൽട്രോണും ഗാലക്‌സിയോണും പങ്കുവെക്കും. ഈ പങ്കുവെക്കലിന്റെ തോത് എത്രയാണെന്നു വ്യക്തമല്ല. വലിയ സാമ്പത്തികബാധ്യത വരുന്ന പദ്ധതിയായതിനാൽ സംസ്ഥാനത്ത് മറ്റൊരു സുരക്ഷാ ഏജൻസിക്കും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകരുതെന്ന വ്യവസ്ഥയും കരാറിലുണ്ട്.
ബെഹ്റയുടെ പദ്ധതി
പുതിയ പദ്ധതി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയാണ് സർക്കാരിനു സമർപ്പിച്ചത്. ഇതിന്റെ പ്രാധാന്യവും ഗുണവും വിവരിച്ച് ആറുതവണ ഡി.ജി.പി. ആഭ്യന്തരവകുപ്പിനു കത്ത് നൽകി. ഈ കത്ത് പരിഗണിച്ചാണ് സർക്കാർ അനുമതി നൽകിയത്.
വ്യക്തികൾക്ക് ഈ സേവനം ലഭിക്കാൻ മാസം 2750 രൂപവരെ നൽകണം. ക്യാമറ, സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിക്കാനുള്ള പണം വേറെയും. ശരാശരി 80,000 രൂപ ഇതിനു ചെലവ് വരുമെന്നാണ് പോലീസ് അറിയിച്ചത്. സ്ഥാപനത്തിന്റെയോ വീടിന്റെയോ വലുപ്പം, സുരക്ഷാ ക്രമീകരണത്തിന്റെ എണ്ണം എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് ചെലവ് കണക്കാക്കുക. ചെലവിനത്തിൽ ഈടാക്കുന്ന പണമെല്ലാം കെൽേട്രാൺ ഏൽപ്പിച്ച സ്വകാര്യ ഏജൻസിക്കാണു കിട്ടുക.
ഒളിഞ്ഞിരിക്കുന്ന ലക്ഷ്യം
വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ സുരക്ഷാ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജൻസികളുടെതന്നെ സേനയാണ് സുരക്ഷയ്‌ക്കെത്തുക. ഇന്ത്യയിൽ സ്വകാര്യസേന രൂപവത്കരിക്കാൻ വ്യവസ്ഥയില്ല. ഇതു മറികടക്കാനാണ് പോലീസിനെ സുരക്ഷയ്ക്കു നിയോഗിച്ച്, സ്വകാര്യ പദ്ധതി നടപ്പാക്കുന്ന പരിഷ്‌കാരം കേരളത്തിൽ ആവിഷ്‌കരിച്ചത്. പണംവാങ്ങി പോലീസിന്റെ സേവനം വിൽക്കുന്ന രീതി അഭികാമ്യമല്ലെന്ന് ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. അത് അവഗണിച്ചാണ് പദ്ധതിയുമായി പോലീസും സർക്കാരും മുന്നോട്ടുപോയത്.
Content Highlights: More projects related to Kerala police have come under scanner