കൊച്ചി: ആരോഗ്യത്തിന് ഹാനികരമെന്ന് വിദഗ്ധർ വിലയിരുത്തിയ കൂടുതൽ മരുന്നുസംയുക്തങ്ങൾ നിരോധനപ്പട്ടികയിലേക്ക്. സമിതിയുടെ ശുപാർശയിൽ അവലോകനസമിതി വിലയിരുത്തൽ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാകും അവസാന തീരുമാനം.

ഒന്നിലധികം രാസമൂലകങ്ങൾ ചേർത്തുണ്ടാക്കുന്നവയാണ് മരുന്നുസംയുക്തങ്ങൾ. ഒരേ വിഭാഗത്തിൽപ്പെടുന്നതോ അനുബന്ധമായി ഉണ്ടാകുന്നതോ ആയ രോഗങ്ങൾക്ക് ഫലപ്രദമാണിവ. എന്നാൽ യുക്തിസഹമായി ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തിന് കാരണമാകും. ചികിത്സയ്ക്ക് ഗുണകരമായ 25-ൽ താഴെ സംയുക്തങ്ങളെയാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത്.

ശാസ്ത്രീയ പിൻബലമില്ലാതെ ഒട്ടേറെ മരുന്ന് സംയുക്തങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. ആവശ്യമില്ലാത്ത മൂലകങ്ങൾ അമിത അളവിൽ ശരീരത്തിലെത്തുന്നത് ഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് വിപണിയിലുള്ള സംയുക്തങ്ങളെപ്പറ്റി പഠിക്കാൻ പ്രൊഫ. ചന്ദ്രകാന്തെ കോകട്ടെയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. 1063 മരുന്നുകൾ പരിശോധിച്ച സമിതി ഇവയിൽ 344 എണ്ണവും നിരോധിക്കാൻ ശുപാർശ ചെയ്തു. ഇതിനെതിരേ നിർമാതാക്കൾ രംഗത്തുവന്നതോടെ നിയമയുദ്ധമായി. ഒടുവിൽ സുപ്രീംകോടതി നിർദേശപ്രകാരം വീണ്ടും വിലയിരുത്തൽ നടത്തിയാണ് 323 സംയുക്തങ്ങൾ നിരോധിച്ചത്.

പുതിയതായി വിപണിയിലെത്തിയതുൾപ്പെടെ 500 സംയുക്തങ്ങളുടെ പരിശോധനകൂടി നടത്തണമെന്നും കോകട്ടെ സമിതിക്ക് സർക്കാർ നിർദേശംനൽകി. ഈ വിലയിരുത്തലിൽ 150 എണ്ണത്തിന്റെ ചേരുവകൾക്ക് നീതീകരണമില്ലെന്ന് കണ്ടെത്തി. സമിതി ശുപാർശ സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഉപസമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികളുണ്ടാവുക.

ഏതൊക്കെ മരുന്നുകളാകും നിരോധനപ്പട്ടികയിൽ ഉൾപ്പെടുകയെന്ന ആശങ്കയിലാണ് മരുന്ന് നിർമാതാക്കൾ. ഔഷധമേഖലയെ തളർത്താനേ ഇത്തരം നടപടികൾ സഹായിക്കൂവെന്നാണ് ഇവരുടെ വാദം.

Content Highlights: More Medicine Molecules to be banned under Scanning