കൊച്ചി: തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കാനാകാതെ കെട്ടിക്കിടക്കുന്നത് 500 കോടി രൂപയുടെ സിനിമകൾ. 100 കോടിയിലധികം ചെലവുള്ള മോഹൻലാൽ ചിത്രം ‘ മരക്കാർ-അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനം വൈകുകയാണെങ്കിൽ കൂടുതൽ സിനിമകൾ ഒ.ടി.ടി. റിലീസിലേക്കു നീങ്ങുമെന്ന് നിർമാതാക്കൾ പറയുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി അടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടന. മുപ്പത്തിയഞ്ചോളം മലയാള സിനിമകളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. സിനിമകൾ ഒ.ടി.ടി. റിലീസിലേക്കുപോയാൽ പിന്നെയൊരു തിരിച്ചുവരവില്ലാത്തവിധം തിയേറ്ററുകൾ തകർച്ചയിലേക്കു പോകുമെന്നാണ് ഉടമകളുടെ ആശങ്ക.

കേരളത്തിലെ വിവിധ തിയേറ്ററുകളിലായി എഴുന്നൂറിലേറെ സ്‌ക്രീനുകളാണുള്ളത്. ലോക്ഡൗണിൽ ഇവയുടെ പരിപാലനത്തിന് മാസം ഒന്നരലക്ഷം രൂപവരെയാണ് തിയേറ്റർ ഉടമകൾ ചെലവിടുന്നത്. ഓരോ മാസവും ഏഴുമുതൽ പത്തുവരെ കോടി രൂപയാണ് കേളത്തിലെ തിയേറ്ററുകൾ പരിപാലനത്തിനായി ചെലവഴിക്കുന്നത്.

25 കോടി രൂപവരെ വായ്പയെടുത്താണ് പല തിയേറ്ററുകളും തുടങ്ങിയതെന്ന് ഉടമകളുടെ സംഘടനയായ ‘ഫിയോക്’ പറയുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ഉടമകളിൽ പലരും ജപ്തിഭീഷണിയിലാണ്.

റിലീസിനുള്ള പ്രധാന സിനിമകൾ

* മമ്മൂട്ടിയുടെ ‘ഭീഷ്മപർവം’

* ദുൽഖർ സൽമാന്റെ ‘കുറുപ്പ്’

* നിവിൻ പോളിയുടെ ‘തുറമുഖം’

* ടൊവിനോ തോമസിന്റെ ‘മിന്നൽ മുരളി’

* ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥൻ’

* ജയസൂര്യയുടെ ‘ഈശോ’

* ആസിഫ് അലിയുടെ ‘കുഞ്ഞെൽദോ’

തിയേറ്ററുകളുടെ പ്രധാന ചെലവുകൾ

* ഫിക്സഡ് വൈദ്യുതി ചാർജ്

* പ്രൊജക്ടർ ഓപ്പറേറ്റർ

* ശുചീകരണ തൊഴിലാളി

* സെക്യൂരിറ്റി ജീവനക്കാർ

* ജനറേറ്റർ ഇന്ധനം