മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐ.ജി. മനോജ് എബ്രഹാമിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂന്നുമാസം കൂടുമ്പോള്‍ അന്വേഷണപുരോഗതി അറിയിക്കണം. എസ്.പി. റാങ്കിന് മുകളിലുള്ള ഓഫീസര്‍ അന്വേഷിക്കണമെന്നും വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശി വി.കെ. ചന്ദ്രശേഖരന്‍ നായരാണ് ഹര്‍ജിക്കാരന്‍.

2005 മുതല്‍ 2015 വരെ മനോജ് എബ്രഹാം 61.89 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് പരാതി. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ദ്രുതപരിശോധനയ്ക്കുത്തരവിട്ട കേസാണിത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍സെല്‍ അന്വേഷണറിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. മൂവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി വന്നതോടെ കേസ് ഇവിടേക്കുമാറ്റുകയായിരുന്നു.

ത്വരിതാന്വേഷണറിപ്പോര്‍ട്ടില്‍ 0.25 ശതമാനം അധികസ്വത്താണ് വിജിലന്‍സ് പോലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍, 31 ശതമാനം അധിക വരുമാനമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതാണ് കേസെടുക്കാനുള്ള നിര്‍ദേശത്തിന് അടിസ്ഥാനം.

ഹര്‍ജിയിലെ ആരോപണങ്ങള്‍

* പത്തനംതിട്ട ജില്ലയിലെ ക്വാറി മാഫിയയുമായി ചേര്‍ന്ന് അനധികൃത സ്വത്ത് സമ്പാദിച്ചു.

* പാറമടയുള്ള ബന്ധുവിനെ സഹായിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു.

* അടൂരില്‍ രണ്ടുതൊഴിലാളികള്‍ സ്‌ഫോടനത്തില്‍ മരിച്ച പാറമടയുടെ അധികാരപത്രങ്ങള്‍ ഹാജരാക്കാനുള്ള പോലീസ് നിര്‍ദേശം മനോജ് എബ്രഹാം ഇടപെട്ട് തടഞ്ഞു. അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ ഇടപെട്ടു.

* ഷെയ്‌നോ മെറ്റല്‍ ക്രഷറിന് നല്കിയ സ്റ്റോപ്പ് മെമ്മോയും വടശ്ശേരി കവലയില്‍ പ്രവര്‍ത്തിക്കുന്ന വിംറോക്ക് കമ്പനിക്കുനേരേയുള്ള അന്വേഷണവും തടഞ്ഞു.

* പാറ പൊട്ടിക്കാനുള്ള ശ്രമം തടയാന്‍ തയ്യാറായില്ല.

* തിരുവനന്തപുരത്തെ ബംഗ്ലാവ്, വിദേശയാത്രകള്‍ എന്നിവ അനധികൃത സ്വത്തിന്റെ ഭാഗമാണ്.

* കൊച്ചി പോലീസ് കമ്മിഷണറായിരുന്നപ്പോള്‍ എറണാകുളം, വയനാട്, പത്തനംതിട്ട, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വത്ത് വാങ്ങാന്‍ അനധികൃതമായി പണം സമ്പാദിച്ചു

* ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തി

* സെന്റ് മേരീസ് ഗ്രൂപ്പ് എന്ന ഭാര്യയുടെ ബിസിനസ്സ് ഗ്രൂപ്പില്‍ പണം മുടക്കി.