മൂലമറ്റം: ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛൻ മുങ്ങിമരിച്ചു. കാസർകോട്‌ രാജപുരം റാണിപുരം നേരോട്ടിൽ പ്രദീപ് (41) ആണ് മരിച്ചത്. ഏറെനേരം മരത്തിന്റെ വേരിൽ പിടിച്ചുകിടന്ന മകൾ പൗർണമി (11) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂലമറ്റത്തുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പ്രദീപും കുടുംബവും.

ശനിയാഴ്ച ഉച്ചയോടെ ഇവർ ബന്ധുക്കളുമൊത്ത് മൂലമറ്റം ടെയിൽറേസ് കനാലിലെ ഫോറസ്റ്റ് കടവ് എന്നറിയപ്പടുന്ന ഭാഗത്ത് കുളിക്കാനായെത്തി. മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതോൽപാദന ശേഷം വെള്ളമൊഴുക്കി വിടുന്ന കനാലാണിത്. ശക്തമായ ഒഴുക്കുള്ള കനാലിന്റെ മധ്യഭാഗത്തേക്ക് അബദ്ധത്തിലെത്തിയ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു.

ഇത് കണ്ട പിതാവ് പ്രദീപ്, മകളെ രക്ഷിക്കുന്നതിനായി കനാലിലേക്കു ചാടി. താഴേക്കൊഴുകിയ കുട്ടിയെ ഉയർത്തി തോളിലേറ്റിയെങ്കിലും ഇരുവശവും മുപ്പത് അടിയിലേറെ ഉയരമുള്ള കോൺക്രീറ്റ് കട്ടിങ്ങായതിനാൽ കരയ്ക്കു കയറാനായില്ല. ഇതോടെ ബന്ധുക്കൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. അപകടമറിഞ്ഞ മൂലമറ്റം അഗ്‌നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി.

ഇതിനിടെ പിതാവും മകളും മുക്കാൽ കിലോമീറ്ററോളം താഴേക്കോഴുകിയിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ അഗ്‌നിരക്ഷാ സേനയ്ക്കും കനാലിലിറങ്ങാനായില്ല. കോൺക്രീറ്റ് കട്ടിങ്ങിന് മുകളിൽനിന്ന്‌ സേനാംഗങ്ങൾ ഇട്ടുകൊടുത്ത കയറിൽ പിടിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ പെൺകുട്ടിക്ക് കാനാലിലേക്ക് വളർന്നിറങ്ങിയ മരത്തിന്റെ വേരിൽ പിടിക്കാനായി. ഏറെ നേരം മരത്തിന്റെ വേരിൽനിന്ന്‌ പിടിവിടാതെ കിടന്ന കുട്ടിയെ മൂലമറ്റം അഗ്‌നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ അസീസ്, ഫോറസ്റ്റ് ഓഫീസിലെ ശ്രീകുമാർ, നാട്ടുകാരനായ രഞ്ചിത്ത് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.

ഏറെ ദൂരം വെള്ളത്തിനടിയിലൂടെ ഒഴുകിയ പ്രദീപ് കനാലെത്തിച്ചേരുന്ന എ.കെ.ജി.യിലെ ത്രിവേണി സംഗമത്തിലെ ചുഴിയിലാണെത്തിയത്. കാത്തുനിന്ന അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്കുകയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: father drowns during the rescue operation to escape his daughter