shinuപാലാ: കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന് മകൻ മരിച്ചു. അന്തീനാട് കാഞ്ഞിരത്താംകുന്നേൽ ഷിനു (35) ആണ് മരിച്ചത്.

സെപ്റ്റംബർ 23-ന് പുലർച്ചെയായിരുന്നു സംഭവം. ഷിനുവിന്റെ അച്ഛൻ ഗോപാലകൃഷ്ണൻ ചെട്ടിയാരെ (61) പോലീസ് പിടികൂടിയിരുന്നു. മദ്യപാന ശീലമുള്ള ഷിനുവും അച്ഛനും തമ്മിൽ വാക്കേറ്റം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ തലേദിവസം പകലും വഴക്കുണ്ടാകുകയും ഷിനു ഗോപാലകൃഷ്ണനെ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്.

രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറങ്ങിയപ്പോൾ റബ്ബർപാൽ സംസ്കരിക്കുവാൻ ഉപയോഗിക്കുന്ന ആസിഡെടുത്ത് ശരീരത്തിൽ ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 75 ശതമാനത്തോളം പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രാവിലെ ഷാപ്പിലെത്തി മദ്യപിച്ചശേഷം ഓട്ടോറിക്ഷയിൽ വിവിധ ഭാഗങ്ങളിൽ കറങ്ങി നടക്കുന്നതിനിടിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ആന പാപ്പാനായിരുന്നു ഷിനു.