കൊച്ചി: കോടികളുടെ തട്ടിപ്പ്‌ നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി. സാമ്പത്തിക തട്ടിപ്പ് കേസിലെയും ഭൂമിയിടപാട് കേസിലെയും ജാമ്യാപേക്ഷയാണ് തള്ളിയത്. മോൻസണ്‌ വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

സാമ്പത്തിക തട്ടിപ്പ് കേസുകൾ കൂടാതെ മോൻസണെതിരേ നിലവിൽ പോക്സോ കേസുമുണ്ട്. ഈ കേസിൽ മോൻസണെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യും.

അതേസമയം, മോൻസണുമായി പണമിടപാട് ഉണ്ടായിരുന്നതായുള്ള വിവരം ലഭിച്ചതോടെ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. അനിതയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണിത്. അനിതയുടെ സഹോദരിയുടെ വിവാഹം നടത്താൻ 18 ലക്ഷം രൂപ വാങ്ങിയിരുന്നെന്നും ഈ പണം തിരികെ നൽകിയില്ലെന്നുമാണ് മോൻസന്റെ വെളിപ്പെടുത്തൽ.

മോൻസന്റെ കലൂരിലെ മസാജിങ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരുകയാണ്.

content highlights: monson mavunkal's bail plea rejected