കൊച്ചി: പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ സി.ഡി.ആർ. (കോൾ ഡീറ്റൈയിൽ റെക്കോഡ്‌) പരിശോധനയിലൂടെ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. അന്വേഷണത്തോട് സഹകരിക്കാത്ത മോൻസണിന്റെ ഉള്ളറിയാൻ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല. ഇയാളുടെ അക്കൗണ്ടും കാലിയാണ്. ഇയാൾ പണം ഒളിപ്പിച്ചിരിക്കുന്ന ഇടവും തട്ടിപ്പിന്റെ വിശദാംശങ്ങളും കണ്ടെത്താൻ ഫോൺ രേഖകൾ വിശദമായി പരിശോധിക്കേണ്ടി വരും. ഇതോടൊപ്പംതന്നെ മോൻസണിന്റെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ട് കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിക്കും.

കേസന്വേഷണം കാര്യക്ഷമമാക്കാൻ അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻകുമാർ കൊച്ചിയിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. മോൻസണിന്റെ തട്ടിപ്പ് കേസുകൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കാനാണ് തീരുമാനം. അന്വേഷണ സംഘത്തിൽ സൈബർ ക്രൈം വിഭാഗത്തേയും ഉൾപ്പെടുത്തി.

മോൻസണിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കേസിലെ അന്വേഷണ പുരോഗതി 26-നകം ഹൈക്കോടതിയെ അറിയിക്കണമെന്ന് നിർദേശം ഉള്ളതിനാൽത്തന്നെ കേസന്വേഷണം വേഗത്തിലാക്കും. ബാക്കിയുള്ള കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തി മോൻസണെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

ഇയാളുമായി അടുപ്പമുള്ളവരുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. മോൻസൺ ആവശ്യപ്പെട്ട പ്രകാരം പരാതിക്കാർ മോൻസണിന്റെ കൂട്ടാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി അറിയിച്ചിരുന്നു. ഇവരുടെ അക്കൗണ്ട് വിവരങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഇതോടൊപ്പം, മോൻസണിന്റെ തട്ടിപ്പ് കമ്പനികളുടെ ഡയറക്ടർമാരുടെ അക്കൗണ്ടുകളും പരിശോധിക്കും.

മോൻസൺ തട്ടിപ്പിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് ‘കലിംഗ കല്യാൺ ഫൗണ്ടേഷൻ’ എന്ന സംഘടനയെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കലിംഗയിൽ പങ്കാളികളായിരുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൗണ്ടേഷൻ ഡയറക്ടർമാരും െപ്രാമോട്ടർമാരുമായി പ്രവർത്തിച്ചിരുന്നത് ബെംഗളൂരു മലയാളികളാണ്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അന്വേഷണ സംഘം വിപുലീകരിച്ചു

ഐ.ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പത്ത് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി. ഇതോടെ സംഘത്തിലുള്ളവരുടെ എണ്ണം 19 ആയി. മുനമ്പം എസ്.എച്ച്.ഒ. എ.എൽ. യേശുദാസ്, കൊച്ചി സിറ്റി സൈബർ സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.എസ്. അരുൺ, പള്ളുരുത്തി എസ്.എച്ച്.ഒ. കെ.എക്സ്. സിൽവസ്റ്റർ, എറണാകുളം സൗത്ത് എസ്.എച്ച്.ഒ. എം.എസ്. ഫൈസൽ, പുത്തൻകുരിശ് എസ്.ഐ. എസ്.ആർ. സനീഷ്, മുളവുകാട് സ്റ്റേഷനിലെ എ.എസ്.ഐ. വർഗീസ്, എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ്.ഐ. ടി.കെ. റെജി, ഫോർട്ട്‌കൊച്ചി സ്റ്റേഷനിലെ സീനിയർ സി.പി.ഒ. സജീവൻ, കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യു.വിലെ സി.പി.ഒ. മാത്യു എന്നിവരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.