കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവിയും കെ.എം.ആർ.എൽ. എം.ഡി.യുമായ ലോക്‌നാഥ് ബെഹ്‌റ, ഐ.ജി. ലക്ഷ്മണ, എ.ഡി.ജി.പി. മനോജ് എബ്രഹാം എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇ-മെയിൽ മുഖേന വിവരങ്ങൾ ശേഖരിച്ചത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോർട്ട് ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ഹൈക്കോടതിയിൽ നൽകണം. ഈ സാഹചര്യത്തിലാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് നിഗമനം. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം കൊച്ചിയിൽ യോഗംചേർന്ന് അന്വേഷണപുരോഗതി വിലയിരുത്തി.

മോൻസന്റെ കലൂരിലെ മ്യൂസിയത്തിൽ ബെഹ്‌റ സന്ദർശിച്ച ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബെഹ്‌റയുടെ ഇടപെടൽകാരണമാണ് മോൻസന്റെ വീടിനുമുന്നിൽ പോലീസ് ബീറ്റ് ബുക്ക് വെച്ചതെന്നും ആരോപണമുണ്ടായിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്റെ വാട്സാപ്പ് ചാറ്റിലും ബെഹ്‌റയുടെ പേര് പരാമർശിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ കണ്ടാണ് മ്യൂസിയം കാണാൻ പോയതെന്നും ആരും ക്ഷണിച്ചതല്ലെന്നും ബെഹ്‌റ പറഞ്ഞതായാണ് വിവരം. മോൻസൻ മാവുങ്കലിന്റെ മ്യൂസിയം കണ്ടപ്പോൾ സംശയംതോന്നി. തുടർന്ന് ഇന്റലിജൻസിനോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്ന് ബെഹ്‌റ നേരത്തേതന്നെ വെളിപ്പെടുത്തിയിരുന്നു. മോൻസനെക്കുറിച്ച് ഇ.ഡി. അന്വേഷണത്തിന് കത്തയച്ചിരുന്നതായും പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ബെഹ്‌റ ആവർത്തിച്ചു.

മോൻസനെതിരേ ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിൽ രജിസ്റ്റർചെയ്ത കേസിൽ ഇടപെടൽ നടത്തിയെന്ന പരാതിയിലാണ് ഐ.ജി. ലക്ഷ്മണയിൽനിന്ന് വിവരങ്ങൾ തേടിയത്. നേരത്തേതന്നെ ലക്ഷ്മണയോട് വിശദീകരണം തേടിയിരുന്നു. വരുംദിവസങ്ങളിൽ മോൻസനുമായി ബന്ധപ്പെട്ട കൂടുതൽ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

മോൻസൻ മൂന്നുദിവസം കസ്റ്റഡിയിൽ

മ്യൂസിയം നിർമിക്കാമെന്നുപറഞ്ഞ്‌ വിശ്വസിപ്പിച്ച് സന്തോഷ് എളമക്കരയിൽനിന്ന് മൂന്നുകോടിയുടെ പുരാവസ്തു കൈവശപ്പെടുത്തിയ കേസിൽ മോൻസനെ 27 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. മോൻസനുമായി വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പടക്കം നടത്തും.