കൊച്ചി: തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി. പുരാവസ്തു വ്യാപാരിയായ സന്തോഷ് എളമക്കരയെ കബളിപ്പിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മോൻസണുമായിട്ടാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനെത്തിയത്.

സന്തോഷിൽനിന്ന് മൂന്നു കോടി രൂപയുടെ പുരാവസ്തുക്കളാണ് മോൻസൺ വാങ്ങിയത്. ഇത് ഏതെല്ലാമെന്ന് സന്തോഷ് തിരിച്ചറിഞ്ഞു. പരാതിക്കാരനായ സന്തോഷിനെ സാക്ഷിയാക്കിയായിരുന്നു തെളിവെടുപ്പ്. രാവിലെ 11-ന് ആരംഭിച്ച തെളിവെടുപ്പ് വൈകീട്ട് നാലുവരെ നീണ്ടു. ഇതോടൊപ്പം കലൂരിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന മസാജിങ് സെന്ററിലും തെളിവെടുപ്പ് നടത്തി. സെന്ററിൽനിന്ന് എട്ട് ഒളിക്യാമറകൾ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇതിനെ കുറിച്ച് അറിയുന്നതിനായിരുന്നു തെളിവെടുപ്പ്.

മോൻസന്റെ മാനേജർ ജിഷ്ണു നശിപ്പിച്ചെന്ന് പറയുന്ന പെൻഡ്രൈവിൽ എന്തായിരുന്നു സൂക്ഷിച്ചിരുന്നതെന്ന വിവരവും ക്രൈംബ്രാഞ്ചിന് കണ്ടെത്തേണ്ടതുണ്ട്. രണ്ട് ദിവസമായി മോൻസന്റെ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തനിക്ക് പെൻഡ്രൈവിൽ എന്താണ് എന്ന് അറിയില്ലായിരുന്നുവെന്നാണ് ജിഷ്ണുവിന്റെ മൊഴി.

മോൻസന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയിൽനിന്ന് മൊഴിയെടുത്തതിനു പിന്നാലെ നിലവിലെ പോലീസ് മേധാവി അനിൽകാന്തിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്, എസ്.പി. എം.ജെ. സോജൻ എന്നിവർ അനിൽകാന്തിനെ സന്ദർശിച്ചാണ് മൊഴിയെടുത്ത്. മോൻസണുമായുള്ള അനിൽകാന്തിന്റെ ഫോട്ടോയെ കുറിച്ചാണ് തിരക്കിയത്.

ഫോട്ടോ എടുക്കുമ്പോൾ ആറു പേരുണ്ടായിരുന്നു. മറ്റ് പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളെ ക്രോപ് ചെയ്ത് മാറ്റി മോൻസണും അനിൽകാന്തും മാത്രമുള്ള ചിത്രമാക്കിയാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് അനിൽകാന്ത് അറിയിച്ചു. ഫെഡറേഷൻ ഭാരവാഹി എന്ന നിലയ്ക്കാണ് മോൻസണ്‌ കാണാൻ അനുമതി നൽകിയതെന്നും അനിൽകാന്ത് വിശദീകരിച്ചു.