കൊച്ചി: മോൻസൺ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന ‘പുരാവസ്തുക്കൾ’ വ്യാജമെന്ന് പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ട്. ‘ടിപ്പുവിന്റെ സിംഹാസനം’ എന്നവകാശപ്പെട്ട കസേരയടക്കം പരിശോധിച്ച 35 ഇനം വസ്തുക്കളും വ്യാജമാണെന്ന് കണ്ടെത്തി. കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് പ്രാഥമികറിപ്പോർട്ട് കൈമാറി. അന്തിമറിപ്പോർട്ട് വിശദപരിശോധനയ്ക്കുശേഷം നൽകും.

മോൻസൺ ‘പുരാവസ്തു’ എന്നവകാശപ്പെട്ട വസ്തുക്കളുടെ യഥാർഥ കാലപ്പഴക്കം കേസന്വേഷണത്തിൽ അനിവാര്യമായതിനാൽ ക്രൈംബ്രാഞ്ച്, സംസ്ഥാന പുരാവസ്തുവകുപ്പിനെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് രണ്ടിടത്തെയും ഉദ്യോഗസ്ഥർ ഒരുമിച്ച് മോൻസന്റെ കലൂരിലെ മ്യൂസിയത്തിൽ പരിശോധന നടത്തിയത്.

ശബരിമല ചെമ്പോലയുടെ കാര്യത്തിൽ വിശദമായപരിശോധന വേണമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു. ചെമ്പോല വായിച്ച ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാരിയർ, ചെമ്പോല താൻ വായിച്ചിരുന്നെന്നും എന്നാൽ, അതിന്റെ ഉള്ളടക്കം ഓർമയില്ലെന്നും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.

ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ചെമ്പോല വ്യാജമാണെന്നുകണ്ടെത്തിയാൽ മോൻസന്റെ പേരിൽ പുതിയ കേസുകൂടി രജിസ്റ്റർചെയ്യും.