കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ ഇടനിലക്കാരിയായി നിന്ന ആന്ധ്ര സ്വദേശിനി സുജിതയെ പരിചയപ്പെടുത്തിയതും ഇവരെ കേരളത്തിലെത്തിച്ചതും ഐ.ജി. ലക്ഷ്മണയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി. തൃശ്ശൂർ സ്വദേശിയായ ഹനീഷ് ജോർജിനെ ചതിച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യവേയാണ് മോൻസൺ ഈ കാര്യം അറിയിച്ചത്.

സുജിത കലൂരിലെ തന്റെ മ്യൂസിയത്തിൽ വന്ന് പുരാവസ്തുക്കൾ പരിശോധിച്ചതായും മോൻസൺ മൊഴിനൽകി. ഇവരുമായി തനിക്ക് അതിൽക്കവിഞ്ഞ് അടുപ്പമില്ലെന്നാണ് മോൻസൺ പറയുന്നത്. മോൻസന്റെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.

തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബിൽ ലക്ഷ്മണയുടെ ഗസ്റ്റായി സുജിത എത്തിയെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. പോലീസ് ക്ലബ്ബ് വ്യാജ പുരാവസ്തു വിൽപ്പനയ്ക്കായി ഉപയോഗിച്ചതായും രേഖകൾ ലഭിച്ചിട്ടുണ്ട്.

ചെമ്പോല പ്രത്യേക സംഘം പരിശോധിക്കും   

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല സംബന്ധിച്ച 'ചെമ്പോല' പരിശോധിക്കാന്‍ പ്രത്യേക സംഘം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചെന്നൈ റീജണല്‍ ഡയറക്ടറുടെ നേതൃത്വത്തിലാകും പരിശോധന.

ചെമ്പോല പരിശോധിക്കാന്‍ പ്രത്യേക സംഘം വേണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) തൃശ്ശൂര്‍ യൂണിറ്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം എ.എസ്.ഐ. കൊച്ചി, തൃശ്ശൂര്‍ യൂണിറ്റുകള്‍ ചേര്‍ന്നായിരുന്നു മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന 'പുരാവസ്തുക്കള്‍' എന്നു പറഞ്ഞിരുന്ന വസ്തുക്കള്‍ പരിശോധിച്ചത്.

ചെമ്പോലയുടെ പഴക്കവും ഇതിലെഴുതിയിരിക്കുന്നത് എന്താണ് എന്നതും അറിയണമെങ്കില്‍ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘം വേണമെന്ന് യൂണിറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു.

മോന്‍സന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവ വാരിയരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചെമ്പോല താന്‍ വായിച്ചിരുന്നെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന കാര്യം ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് രാഘവ വാരിയര്‍ മൊഴി നല്‍കിയത്. ചെമ്പോല വ്യാജമാണെന്ന് കണ്ടെത്തിയാല്‍ മോന്‍സണെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിയും.

Content Highlights: Monson Mavunkal antique fraud case