കൊച്ചി: മോൻസൺ മാവുങ്കിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ മോൻസന്റെ മ്യൂസിയത്തിൽ നിന്ന് വ്യാജ പുരാവസ്തുക്കൾ കടത്താൻ ശ്രമംനടന്നു. ഇതു സംബന്ധിച്ചുള്ള ശബ്ദസന്ദേശം പുറത്തുവന്നു.

ക്രൈംബ്രാഞ്ച് റെയ്ഡിന് മുമ്പേ മ്യൂസിയത്തിൽനിന്ന് ഖുറാൻ, സ്വർണപ്പിടിയുള്ള വാൾ എന്നിവ കടത്തണമെന്ന് മോൻസന്റെ മാനേജർ ജിഷ്ണുവും ഡ്രൈവർ ജോഷിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ്‌ ഇപ്പോൾ പുറത്തുവന്നത്.

ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകൾ സഹിതം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വീണ്ടും പരാതി നൽകി.

റെയ്ഡിന് മുമ്പ് മ്യൂസിയത്തിൽനിന്ന് മാറ്റിയ തിമിംഗില അസ്ഥി മോൻസന്റെ സുഹൃത്തിന്റെ വാഴക്കാലയിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു.

ശബ്ദസന്ദേശത്തിൽ മോൻസന്റെ ജീവനക്കാർ തെളിവു നശിപ്പിക്കാനായി ശ്രമിച്ചതായുള്ള വിവരമുള്ളതിനാൽ ഇവരെ പ്രതിചേർത്തേക്കും. ഫോൺ സംഭാഷണത്തിൽ പരാമർശിക്കുന്നവരുടെ പങ്കിനെക്കുറിച്ചും അന്വേഷണമുണ്ടാകും.

ഐ.ജി., ടീച്ചർ, ജോർജിച്ചായൻ എന്നിവരെക്കുറിച്ചാകും അന്വേഷണമുണ്ടാകുക.

ജിഷ്ണു-ജോഷി ഫോൺ സംഭാഷണം

ജിഷ്ണു: നമ്മുടെ വീട്‌ നാളെ ബ്ലോക്ക് ചെയ്യും. അതിനുമുമ്പേ സാധനങ്ങൾ മാറ്റണം.

ജോഷി: അത് എങ്ങനെ മാറ്റും?

ജിഷ്ണു: മെയിനായിട്ട് മാറ്റേണ്ട ഒന്നുരണ്ട് സാധനങ്ങളുണ്ട്. ഞാനിപ്പോൾ ജോർജിച്ചായന്റെ വോയിസ് അയച്ചുതരാം.

ജോഷി: അത് എന്തൊക്കെയാണ്? ഒരു കാര്യം ചെയ്യ്. വീടിന്റെ മുന്നിൽ ആളുകൾ നിൽക്കുകയാണോ?

ജിഷ്ണു: വീടിന്റെ മുന്നിൽ ആളുണ്ട്. നാളെ വീട് ലോക്ക് ചെയ്യും. അതിനുമുമ്പ് ഇതൊക്കെ മാറ്റണം, അല്ലെങ്കിൽ പ്രശ്നമാകും.

ജോഷി: ആണോ, എന്തൊക്കെ മാറ്റണം?

ജിഷ്ണു: ഒന്നുരണ്ട് കത്തിയുണ്ട്. ഗോൾഡ് പിടിയുള്ളത്. പിന്നെ ഐവറിയുടെ ഒരു കത്തി. കുറച്ച് ഖുറാൻസ്.

ജോഷി: വണ്ടിയില്ലാതെ പറ്റിെല്ലടാ. ബൈക്കിൽ പറ്റില്ല, കാറുതന്നെ വേണം. മാറ്റി എവിടെയെങ്കിലും കൊണ്ടുവെക്കണം. നാളെ ആര് ലോക്ക്‌ ചെയ്യും?

ജിഷ്ണു: ക്രൈംബ്രാഞ്ച് വന്ന് ലോക്ക് ചെയ്യും. സാറിനെ പോലീസ് കൊണ്ടുപോയി. ഫോൺപോലും അവരുടെ അടുത്താണ്.

ജോഷി: ഞാനിപ്പോൾ പോയാൽ എന്നെ തട്ടില്ലേ?

ജിഷ്ണു: ഐ.ജി.യും ജോർജേട്ടനും ഇവിടെയുണ്ട്. ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയാണ്. ടീച്ചറിനെയൊക്കെ അവിടെനിന്ന് മാറ്റണം. വക്കീൽ പറഞ്ഞു ഒന്നും നടക്കില്ലെന്ന്. അനൂപിന്റെ കേസുകെട്ടാണ് വന്നേക്കുന്നത്. തിങ്കളാഴ്ച സെറ്റിൽമെന്റ് ചെയ്യണം. അതിനുമുമ്പ് സാധനങ്ങൾ മാറ്റണം

ജോഷി: വേറൊരു ഓപ്ഷൻ?

ജിഷ്ണു: ജെയ്‌സണെ വിട്ട് പാലുവാങ്ങാൻ പോകുന്ന വീടിന്റെ അതിലേ പുറത്തു കൊണ്ടുവരാം. പക്ഷേ, നാളെയാകും.

ജോഷി: മുകളിലത്തെ നിലയിൽ ഒളിപ്പിച്ചാലോ?

ജിഷ്ണു: അത് അവര് കണ്ടെത്തും. വീട്ടിൽ ഇടിച്ചുകേറില്ല, അക്കാര്യം അഡ്വക്കേറ്റ് ഉറപ്പുപറഞ്ഞു. ലക്ഷ്മൺ സാർ ക്രൈംബ്രാഞ്ചിലേക്ക് പോയിട്ടുണ്ട്. ജോർജേട്ടൻ സെറ്റിൽമെന്റിനു പോയിട്ടുണ്ട്.

ജോഷി: 10 കോടി രൂപയോണോ?

ജിഷ്ണു: അതേ, എല്ലാവർക്കുംകൂടി. ഞാൻ ടീച്ചറിനെ മാറ്റാനുള്ള വഴി നോക്കട്ടെ. വിളിക്കാം.

Content Highlights: Monson Mavunkal antique fraud case