ഗുരുവായൂര്‍: അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ട് ശംഖാഭിഷേകവും കണ്ട് നടന്‍ മോഹന്‍ലാല്‍ ഗുരുവായൂരപ്പനെ വണങ്ങി. നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് കണ്ണന്റെ നിര്‍മ്മാല്യവും വാകച്ചാര്‍ത്തും തൊഴാന്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍.

അഭിഷേകം തൊഴുതുനില്‍ക്കുമ്പോള്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ഉയര്‍ന്നത് ലാലിനെ ആകര്‍ഷിച്ചു. യുവ സോപാനഗായകന്‍ രാമകൃഷ്ണയ്യര്‍ പാടിക്കഴിയുന്നതുവരെ കേട്ടുനിന്നു. സമീപമെത്തി അനുമോദിച്ച് ദക്ഷിണ സമര്‍പ്പിച്ചു.

''കുറേക്കാലമായി ഗുരുവായൂരപ്പനെ തൊഴുതിട്ട്. ഇപ്പോള്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.'' ദര്‍ശനശേഷം മോഹന്‍ലാല്‍ കൂടെയുണ്ടായിരുന്ന ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ. അജിത്ത്, കെ.വി. ഷാജി എന്നിവരോട് പറഞ്ഞു.

content highlights: mohanlal visits guruvayoor temple