ഞാന്‍ തിരക്കഥയെഴുതിയ സിനിമകളിലെല്ലാം മോഹന്‍ലാലിന്റെ അഭിനയത്തില്‍ പൂര്‍ണതൃപ്തി. അവയില്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത് 'രംഗം' എന്ന ചിത്രത്തിലെ കഥകളി നടനായ അപ്പുണ്ണിയും 'സദയ'ത്തിലെ സത്യനാഥനും.

അപൂര്‍വസിദ്ധികളുള്ള നടനാണ് മോഹന്‍ലാലെന്ന് തുടക്കകാലം മുതലേ തോന്നിയിരുന്നു. ഞാന്‍ തിരക്കഥയെഴുതിയ സിനിമകളില്‍ മാത്രമല്ല, മറ്റു ചിത്രങ്ങളിലും മികച്ച അഭിനയമാണ് അദ്ദേഹത്തിന്റേത്. ആ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്നു ചോദിച്ചാല്‍ ഒരു പേരുമാത്രമായി പറയാനാവില്ല.

നടനെന്നനിലയില്‍ സിനിമയില്‍ മാത്രമല്ല, നാടകത്തിലും ലാല്‍ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍വെച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് 'കര്‍ണഭാരം' എന്ന സംസ്‌കൃതനാടകത്തില്‍ കര്‍ണനായി അദ്ദേഹം വേഷമിട്ടത് കണ്ട് വിസ്മയിച്ചു. മോഹന്‍ലാലിനോടുതന്നെ അക്കാര്യം പറഞ്ഞിട്ടുമുണ്ട്. മലയാളനോവലുകളിലെ പത്തുകഥാപാത്രങ്ങളെ അദ്ദേഹം അരങ്ങില്‍ അവതരിപ്പിച്ചതും നേരിട്ടുകണ്ടു. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രത്യേകതാത്പര്യമാണ് ഇതിലൊക്കെ കാണുന്നത്.

ഇടയ്ക്കിടെ കാണാറില്ലെങ്കിലും അദ്ദേഹവുമായി അടുപ്പമുണ്ട്. ലാലിനോട് എനിക്കൊരു വാത്സല്യമുണ്ട്. ഒരാഴ്ചമുമ്പും അദ്ദേഹം വിളിച്ചിരുന്നു. കോവിഡിന്റെ കാലത്ത് എല്ലാവരും വീട്ടിലിരിക്കുകയാണല്ലോ. അതൊക്കെ ഞങ്ങള്‍ അന്നു സംസാരിച്ചു.

Content Highlight: Mohanlal 60th birthday, Article by MT Vasudevan Nair