തൃശ്ശൂർ: ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലോ‍ടുന്ന നിമ്മിമോൾ ബസുകളുടെ സർവീസ്‌ സമയം ചോദിച്ചാൽ ഗതാഗതവകുപ്പ് അധികൃതർക്ക് ഒരുത്തരമേയുള്ളൂ. രണ്ട്‌ ബസിനും ഒരേ സർവീസ് സമയമാണ്. ഒരേ ഉടമയുടെ, ഒരേ റൂട്ടിലോടുന്ന, രണ്ട്‌ ബസുകൾക്ക്, ഒരേസമയം സംബന്ധിച്ച് ചോദിച്ചാൽ ഗതാഗതവകുപ്പിന്റെ ഉത്തരമിതാണ്‌ - മാറ്റിക്കൊടുക്കുന്ന കാര്യം പരിഗണനയിലുണ്ട്. എത്ര വർഷമായി പരിഗണനയിലെന്ന് ചോദിച്ചാൽ അതിനുത്തരമില്ല.

വകുപ്പിന് മൊത്തം നാണക്കേടുണ്ടാകും, ആ ഉത്തരം പറഞ്ഞാൽ. 11 വർഷമായി ഈ കാര്യത്തിനായി ബസ്സുടമ മോഹനൻ കാട്ടിക്കുളം എന്ന അറുപത്തിനാലുകാരൻ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ആർ.ടി.ഒ. മുതൽ ആർ.ടി.എ. ചെയർമാനായ കളക്ടർക്കുവരെ പരാതിയും നിവേദനവും നൽകി. ഒക്ടോബർ 21-ന് ജില്ലാ റൂറൽ പോലീസ് സൂപ്രണ്ടിനും പരാതി നൽകി.

പ്രവാസജീവിതം കഴിഞ്ഞെത്തിയ മോഹനൻ 2000-ൽ ആണ് ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലോ‍ടുന്ന രണ്ട്‌ ബസുകൾ വാങ്ങിയത്. ഒരു ബസ് പുറപ്പെട്ട് പത്തുമിനിറ്റിനുശേഷമായിരുന്നു അടുത്ത ബസിനുള്ള സമയം. 2010 വരെ ഇതുപ്രകാരമാണ് സർവീസ് നടത്തിയത്. എന്നാൽ,‍ 2010 ജൂലായ് ഏഴിന് പുറപ്പെടുവിച്ച പുതിയ സർവീസ് ടൈം ഷെഡ്യൂൾപ്രകാരം രണ്ട്‌ ബസുകളും തൃപ്രയാറിൽ‍നിന്ന് 9.50-ന് പുറപ്പെടണമെന്നായി. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ക്ലറിക്കൽപിഴവാണെന്നും ഉടൻ തിരുത്താമെന്നുമുള്ള മറുപടിയാണ് കിട്ടിയത്.

എന്നാൽ, ഇതേവരെ തിരുത്തിയതുമില്ല. പഴയ സമയക്രമപ്രകാരം സർവീസ് നടത്താനുള്ള ആർ.ടി.ഒ.യുടെ വാക്കാലുള്ള നിർദേശം വിശ്വസിച്ച് സർവീസ് നടത്തിയതോടെ ജോയിന്റ് ആർ.ടി.ഒ.മാരും ഇൻസ്പെക്ടർമാരും രംഗത്തിറങ്ങി. സമയക്രമം തെറ്റിച്ചതിന് രണ്ടുതവണ 7500 രൂപ വീതം പിഴയടപ്പിച്ചു. ഇനിയൊരു പിഴകൂടി അടയ്ക്കേണ്ടിവന്നാൽ പെർമിറ്റ് റദ്ദാകും. വണ്ടി എന്നെന്നേക്കുമായി കട്ടപ്പുറത്തുകയറും.

കോവിഡ്‌കാലത്ത് വലിയ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. അതിനിടെയാണ് രണ്ട്‌ വണ്ടികൾക്ക് ഒരേ സർവീസ്‌സമയവും ഭീമമായ പിഴയും. 20 വർഷം ബഹ്‌റൈനിലും ഇറാഖിലും അധ്വാനിച്ചുണ്ടാക്കിയ പണമാണ് ബസിലേക്ക് ഇറക്കിയത്. അതാണിപ്പോൾ ഗതാഗതവകുപ്പുകാർ പന്താടുന്നത്. ‘വരവേൽപ്പ്’ സിനിമയെ വെല്ലുന്ന ജീവിതകഥയനുഭവിക്കുന്ന മോഹനൻ ചോദിക്കുന്നു - ‘‘ ഞാൻ നിൽക്കണോ വിദേശത്തേക്ക് പോകണോ?’’