തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രപ്രവർത്തകരും എഴുത്തുകാരുമായ 105 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നൽകി. നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിനെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണിത്.

മോഹൻലാൽ പങ്കെടുത്താൽ പുരസ്കാരച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സംവിധായകൻ ഡോ. ബിജു നേരത്തേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യു.സി.സി. അംഗങ്ങൾ ഉൾപ്പെടുന്ന ചലച്ചിത്രപ്രവർത്തകരും പ്രമുഖ എഴുത്തുകാരും എതിർപ്പറിയിച്ചത്. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, സേതു, എം.എൻ. കാരശ്ശേരി. സി.വി. ബാലകൃഷ്ണൻ, രാജീവ് രവി, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പ്രകാശ് രാജ്, ബീനാ പോൾ, റീമാ കല്ലിങ്കൽ, ഗീതു മോഹൻദാസ്, വി.കെ. ജോസഫ്, പ്രിയനന്ദനൻ, സജിത മഠത്തിൽ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പിട്ടത്. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിലെ ആറ് അംഗങ്ങളും ഒപ്പിട്ടിട്ടുണ്ട്.

ചലച്ചിത്ര അക്കാദമിയാണ് പുരസ്കാരദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരേ ജനറൽ കൗൺസിൽ അംഗങ്ങൾ ഒപ്പിട്ടത് അക്കാദമിക്കും സർക്കാരിനും തിരിച്ചടിയായി.

ദേശീയ ചലച്ചിത്ര മാതൃകയിൽ ഔദ്യോഗികമായ പുരസ്കാരച്ചടങ്ങാണ് കേരളത്തിലും വേണ്ടതെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പുരസ്കാരം നൽകുന്ന ലളിതവും അന്തസ്സുറ്റതുമായ ചടങ്ങാവണം അത്. മുഖ്യമന്ത്രിയെയും അവാർഡ് ജേതാക്കളെയും മറികടന്ന് മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് അനൗചിത്യവും പുരസ്കാരജേതാക്കളുടെ നേട്ടത്തെ വിലകുറച്ച് കാണുന്നതാണെന്നും നിവേദനത്തിൽ പറയുന്നു. ചടങ്ങിലെ മുഖ്യാതിഥികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും പുരസ്കാര ജേതക്കളും മാത്രമാകണം. ഓഗസ്റ്റ് എട്ടിന് നിശാഗന്ധിയിലാണ് പുരസ്കാരദാനച്ചടങ്ങ്.