കൊച്ചി : കൃത്യമായി ഗൃഹപാഠംചെയ്ത്, വരാൻസാധ്യതയുള്ള ചോദ്യങ്ങളെ നേരിടാൻ തയ്യാറെടുത്താണ് മോഹൻലാൽ തിങ്കളാഴ്ച മാധ്യമങ്ങളെ കാണാനെത്തിയത്. ‘‘മോഹൻലാൽ സാധാരണ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കില്ലെന്നാണല്ലോ നിങ്ങളുടെ പരാതി’’ എന്നു പറഞ്ഞാണ് തുടങ്ങിയത്. എന്തുവേണമെങ്കിലും ചോദിക്കാമെന്ന് മുഖവുര. അസുഖകരമായ ചോദ്യങ്ങളോടും പ്രകോപിതനാകാതെ മറുപടി.

അമ്മ നടിക്കൊപ്പമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും ദിലീപിനെ പൂർണമായി കൈവിടാതെയായിരുന്നു മറുപടി. ദിലീപിനെ തിടുക്കത്തിൽ തിരിച്ചെടുത്തത് സംഘടനയുടെ പ്രതിച്ഛായ തകർത്തുവെന്ന തിരിച്ചറിവിലാണ് മോഹൻലാലിന്റെ മീറ്റ് ദി പ്രസ്. ‘പറയാനുള്ളത് പറയണം, ആർക്കും വേദനിക്കുകയുമരുത്’-ഇതായിരുന്നു നയം.

താൻ പ്രസിഡന്റായി ചുമതലയേറ്റ ജനറൽബോഡിക്കുശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്നും അതിന് ക്ഷമചോദിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുടെ ആവശ്യങ്ങളോട് അനുഭാവപൂർവമായ മറുപടികൾ. അതേസമയം കാര്യങ്ങൾ സംഘടനയ്ക്കുള്ളിൽ പറയാതെ പുറത്തുപറയുന്നുവെന്ന പരിഭവം. ദിലീപിനെ തിരിച്ചെടുത്ത യോഗത്തിൽ എതിരഭിപ്രായക്കാരെ കണ്ടില്ലെന്ന് കുത്തുവാക്ക്.

അമ്മ പിളർപ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന സമ്മതം സംഘടനയിലെ ന്യൂജനറേഷന്റെ ശക്തിയാണ് സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ആ യോഗത്തിൽ പങ്കെടുത്തിരുന്നു.

തന്റെ അവസരങ്ങൾ തുടരെ ഇല്ലാതാക്കിയെന്ന് സംഘടനയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഇക്കാര്യത്തിൽ ഇനി നടിയാണ് വ്യക്തതവരുത്തേണ്ടത്. രാജി പ്രഖ്യാപിച്ചവരിൽ രണ്ടുപേർ മാത്രമേ രാജിക്കത്ത് തന്നിട്ടുള്ളൂവെന്ന് നടപടിക്രമങ്ങളുടെ സൂക്ഷ്മതയെക്കുറിച്ച്‌ സൂചിപ്പിച്ച അദ്ദേഹം, എല്ലാ കാര്യങ്ങളിലും ചട്ടക്കൂടിൽനിന്ന് സംഘടനയെ കാണരുതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിപറയുകയും ചെയ്തു.

അമ്മ അംഗങ്ങൾ ഒരുവർഷം ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന സ്ഥിതിയുണ്ടാകണം. 25 വർഷത്തെ ബൈലോ മാറ്റുകയാണ്. സ്ത്രീകൾ കൂടുതൽ ഭാരവാഹിത്വത്തിലേക്ക് വരും. രണ്ടു വൈസ് പ്രസിഡന്റുമാരിൽ ഒരാൾ സ്ത്രീയാകും. തുടങ്ങി വിവിധ മാറ്റങ്ങൾ വരികയാണെന്ന് മോഹൻലാൽ പറഞ്ഞു.

പോകാനിറങ്ങുംമുമ്പ് പ്രസ്‌ക്ലബ്ബിന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘ഒരുപാട് പ്രതീക്ഷകളോടെയാണ് ഇവിടെയെത്തിയത്. മഞ്ഞുരുകട്ടെ. എല്ലാം നന്നായി നടക്കട്ടെ. സംഭവിക്കട്ടെ. മലയാള സിനിമാലോകവും മാധ്യമലോകവും ഒന്നിച്ച് കൈകോർത്ത് നടക്കട്ടെ. പ്രതീക്ഷയോടെ... സ്വന്തം മോഹൻലാൽ’.