കൊച്ചി: വൈറ്റില ബൈപ്പാസിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. മൊബൈലിലെ ചാറ്റും ദൃശ്യങ്ങളുമെല്ലാം അടിസ്ഥാനമാക്കി കേസുകൾ രജിസ്റ്റർ ചെയ്യുകയാണ്. എന്നാൽ മാരാരിക്കുളത്ത് സംഘടിപ്പിക്കാനിരുന്ന പാർട്ടി സംബന്ധിച്ച ചാറ്റ് പോലീസിനുതന്നെ പാരയാകുകയാണ്.

2020 ജൂലായ് 27-ന് സൈജുവും മറ്റൊരാളുമായി നടത്തിയ ചാറ്റിൽ മാരാരിക്കുളത്ത് റിസോർട്ടിൽ നടന്ന ഡി.ജെ. പാർട്ടിയെക്കുറിച്ച് പറയുന്നുണ്ട്. ‘പോലീസ്‌പ്രശ്നമുള്ള മേഖലയല്ലെന്നും പോലീസ് ഒക്കെ നമ്മുടെ ആളാണെന്നും പേടിക്കേണ്ടെന്നും’ ആണ് ചാറ്റിൽ പറയുന്നത്. പോലീസിന്റെകൂടി അറിവോടെയാണ് പാർട്ടി നടന്നതെന്നുള്ള സൂചന യുണ്ട് ഇതിൽ.

ഇവിടെ മുൻപും പോലീസിന്റെ അറിവോടുകൂടി പാർട്ടി നടത്തിയതിനാലാണ് ഇത്ര ആത്മവിശ്വാസത്തോടെ വീണ്ടും പാർട്ടിക്ക് ആളുകളെ ക്ഷണിക്കുന്നത്. പാർട്ടിയിൽ ലഹരിമരുന്ന് ലഭിക്കുമോ എന്ന കാര്യവും സൈജുവിനോട് തിരക്കുന്നുണ്ട്. അതും നൽകാമെന്നാണ് സൈജു ചാറ്റ് ചെയ്യുന്നയാൾക്ക് ഉറപ്പുനൽകുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പാർട്ടിനടത്താൻ അനുമതിയില്ലാത്ത സമയത്താണ് ഡി.ജെ. പാർട്ടിക്ക് ഇവർ പദ്ധതിയിടുന്നത്, അതും പോലീസിന്റെ അറിവോടെ.

സംഭവത്തിൽ പോലീസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടിവരുന്നതിനാൽ വളരെ കരുതലോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ അതത് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ മാരാരിക്കുളത്തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ, അതേ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആരോപണവിധേയരായി നിൽക്കുന്നതിനാൽ ഇവരുടെ പങ്കിനെക്കുറിച്ച് അതേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർതന്നെ കേസെടുത്ത് അന്വേഷിച്ചാൽ സത്യം പുറത്തുവരുമോ എന്നാണ് കണ്ടറിയേണ്ടത്.

കൊച്ചിയില്‍ നിരീക്ഷണം കൂടി; ലഹരിസംഘങ്ങള്‍ ആലപ്പുഴ താവളമാക്കാന്‍ സാധ്യത 

ആലപ്പുഴ: കൊച്ചിയില്‍ നിരീക്ഷണം ശക്തമായതോടെ ലഹരിസംഘങ്ങള്‍ ആലപ്പുഴയില്‍ താവളമാക്കാന്‍ സാധ്യതയെന്ന് എക്‌സൈസ് വിലയിരുത്തല്‍. ക്രിസ്മസ്-പുതുവര്‍ഷക്കാലത്ത് ലഹരിപ്പാര്‍ട്ടികള്‍ നടക്കാന്‍ കൂടുതല്‍സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ആലപ്പുഴയിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. എക്‌സൈസ് ഇന്റലിജന്‍സിനാണു ചുമതല.

അടുത്തിടെ മോഡലുകളുടെ വാഹനാപകടവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ലഹരിപ്പാര്‍ട്ടികള്‍ക്കെതിരേ കര്‍ശനനടപടിയും പരിശോധനയുമാണു നടക്കുന്നത്. അതിനാല്‍ പഴയതുപോലെ അവിടെ റേവ് പാര്‍ട്ടികള്‍ നടത്താനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ലഹരിസംഘം ആലപ്പുഴയില്‍ കണ്ണുവെക്കാമെന്നാണു വിലയിരുത്തല്‍.

വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ ആലപ്പുഴയിലും സമീപങ്ങളിലുമായി ഒട്ടേറെ ഹോട്ടലുകളും ഹോം സ്റ്റേകളുമുണ്ട്. ആകെ എത്രയുണ്ടെന്ന കൃത്യമായവിവരം ആരുടെയും കൈയിലുമില്ല. ബീച്ചും കായലുമായും ബന്ധപ്പെട്ട് ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്നയിടങ്ങളുണ്ട്. ആലപ്പുഴയില്‍ ഡി.ജെ. പാര്‍ട്ടികള്‍ പൊതുവെ കുറവാണ്. ആഡംബരഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റുമാണു ചെറുതായെങ്കിലും നടക്കുന്നത്. അതും വിശേഷദിവസങ്ങളില്‍ മാത്രം. ജില്ലയിലെ പാര്‍ട്ടികളില്‍ ആധുനിക ലഹരിമരുന്നുകള്‍ കണ്ടെത്തിയിട്ടുമില്ല. എങ്കിലും, കൊച്ചിയിലെ പുതിയസാഹചര്യത്തില്‍ ജാഗ്രതപാലിക്കാനാണ് എക്‌സൈസിന്റെ തീരുമാനം.