കൊല്ലം : ഇന്ത്യൻ ഗ്രാമങ്ങളിൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം കൂടുന്നു. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവസാനം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ ഗ്രാമങ്ങളിൽ 63.1 ലക്ഷം മൊബൈൽ ഉപയോക്താക്കൾ പുതുതായി വന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും ഗ്രാമങ്ങളിലേക്ക് മൊബൈൽ ഫോണുകൾ കടന്നുകയറുന്നതായാണ് കണക്കുകൾ.

ജൂണിൽ ഇന്ത്യൻ ഗ്രാമങ്ങളിലെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 50.81 കോടിയായിരുന്നു. സെപ്റ്റംബറിൽ ഇത് 51.45 കോടിയായി വർധിച്ചു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ നേരിയ വർധനയുണ്ടായപ്പോൾ സെപ്റ്റംബറിൽ ഗ്രാമങ്ങളിൽ 63.1 ലക്ഷം പുതിയ മൊബൈൽ ഉപയോക്താക്കളുണ്ടായി. ഒരുമാസംകൊണ്ട് 1.24 ശതമാനം വളർച്ചയാണുണ്ടായത്.

അതേസമയം ട്രായ് റിപ്പോർട്ട് പ്രകാരം മുൻ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ നഗരങ്ങളിൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞു. 35.56 ലക്ഷം മൊബൈൽ ഉപയോക്താക്കളാണ് നഗരങ്ങളിൽനിന്ന് കൊഴിഞ്ഞുപോയത്. ഓഗസ്റ്റിൽ നഗരങ്ങളിൽ 66.27 കോടി മൊബൈൽ കണക്‌ഷനുണ്ടായിരുന്നത് സെപ്റ്റംബർ അവസാനമായപ്പോൾ 65.92 കോടിയായി.

ഒന്നിലധികം നെറ്റ്‌വർക്കുകളുടെ മൊബൈൽ കണക്‌ഷനുള്ളവർ ഒഴിവാക്കുന്നതുകൊണ്ടാകും നഗരങ്ങളിലെ ഉപയോക്താക്കളുടെ എണ്ണം കുറയുന്നതെന്നാണ് കരുതുന്നത്. എന്നാൽ രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രത 88.77-ൽനിന്ന് 88.90 ആയി ഉയർന്നു. രാജ്യത്തെ ഗ്രാമങ്ങളിലെ മൊബൈൽ ഫോൺ സാന്ദ്രത 56.61-ൽ നിന്ന് 57.28 ആയി ഉയർന്നപ്പോൾ നഗരങ്ങളിലെ സാന്ദ്രത 157.25-ൽനിന്ന് 156.18 ആയി കുറയുകയായിരുന്നു.

content highlights: Mobile subscribers increase in rural areas