തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളർഷിപ്പുകളാണു നൽകുന്നത്. ഇതിനായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായി സർക്കാർ ഉയർത്തി. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പാണ് ഇതിൽ പ്രധാനം.

80:20 അനുപാതത്തിൽ നൽകിയിരുന്നപ്പോൾ ആറരക്കോടിയോളം രൂപ മുസ്‌ലിം വിദ്യാർഥികൾക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ്‌ ലഭിച്ചിരുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച്. സ്‌കോളർഷിപ്പ് എട്ടുകോടിയിൽനിന്ന് പത്തുകോടിയായി സർക്കാർ ഉയർത്തി. ഇതനുസരിച്ച് മുസ്‌ലിം വിദ്യാർഥികൾക്ക് ആറരക്കോടി രൂപതന്നെ ലഭിക്കും. ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയിൽനിന്ന് നാലരക്കോടിയായി ഉയരും.

മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രമാണ് നിലവിൽ പഠനം നടത്തിയിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ജെ.ബി. കോശി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഇതേ രീതിയിൽ തുടരാനാണ് സർക്കാർ തീരുമാനം. റിപ്പോർട്ടിലെ ശുപാർശയ്ക്കനുസരിച്ചായിരിക്കാം മാറ്റം പരിഗണിക്കുക.

സ്‌കോളർഷിപ്പ് വന്നത്

സച്ചാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ 2007-ൽ അന്നത്തെ എൽ.ഡി.എഫ്. സർക്കാർ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിഭാഗത്തിലെ വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിച്ചത്. ഇതിൽ മുസ്‌ലിം പെൺകുട്ടികൾക്കായിരുന്നു മുൻഗണന.

സ്‌കോളർഷിപ്പിൽ 20 ശതമാനം 2011 ഫെബ്രുവരിയിൽ ഇടതുസർക്കാർ ക്രൈസ്തവ വിഭാഗങ്ങൾക്കുകൂടി ബാധകമാക്കി. പിന്നീടുവന്ന യു.ഡി.എഫ്. സർക്കാരും ഇത് തുടർന്നു. ക്രൈസ്തവർക്ക് 20 ശതമാനം നിശ്ചയിച്ചത് ജനസംഖ്യാനുപാതികമായല്ലെന്ന് 2021 മേയിൽ ഹൈക്കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഘടന സർക്കാർ ഇപ്പോൾ പുതുക്കിയത്.

2011-ലെ ന്യൂനപക്ഷ ജനസംഖ്യാ അനുപാതം

  • ക്രിസ്ത്യൻ 18.38 ശതമാനം
  • മുസ്‌ലിം 26.56
  • ബൗദ്ധർ 0.01
  • ജൈൻ 0.01
  • സിഖ് 0.01

Content Highlights: Minority scholarship amount has been increased to Rs 23.51 crore