കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്ന സമയത്ത് ഗുരുവായൂർ ക്ഷേത്രനാലമ്പലത്തിൽ ദേവസ്വം മന്ത്രിയുടെ പത്നിയും രണ്ടു വനിതകളും ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദർശനം നടത്തിയതെന്നാണ് ദേവസ്വം അഡിമിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കമുള്ളവർ ഗുരുവായൂർ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ ദർശനം നടത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് തൃശ്ശൂർ സ്വദേശി നാഗേഷ് നൽകിയ ഹർജിയിൽ കോടതി വിശദീകരണം തേടിയിരുന്നു.

നവംബർ 24-ന് വൈകീട്ട് ദേവസ്വം മന്ത്രിയുടെ ഭാര്യയും മറ്റുരണ്ട് വനിതകളും ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. വാതിൽമാടത്തിന് മുന്നിൽനിന്ന് ഇവർ ദർശനം നടത്തി. 25-ന് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തിയപ്പോൾ ദേവസ്വം ചെയർമാനും രണ്ടു മെമ്പർമാരും ക്ഷേത്രത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറും ഭാര്യയും അപ്പോൾ നാലമ്പലത്തിലുണ്ടായിരുന്നു.

ഇവരോട് മന്ത്രിപത്നി നാലമ്പലത്തിൽ കയറാനും നിർമാല്യം തൊഴാനും അനുമതിതേടി. അടുത്തിടെ അവർ ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് നാലമ്പലത്തിൽ ദർശനം നടത്താൻ അനുമതി നൽകിയെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്. നാലമ്പലത്തിലേക്ക് പ്രവേശനം വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായിരുന്നില്ലെന്നും വിശദീകരണത്തിലുണ്ട്. എന്നാൽ, ഈ കാലത്ത് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി ഭക്തർക്ക് ക്ഷേത്രത്തിന്റെ വാതിൽമാടം വരെയേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

content highlights: minister wife visited guruvayoor temple during covid regulation time