തിരുവനന്തപുരം: ജോലിചെയ്യാതെ കൂലി വാങ്ങുന്നത് അപമാനം ഉണ്ടാക്കുമെന്നും നോക്കുകൂലിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളുടെ ലേബർ രജിസ്‌ട്രേഷൻ കാർഡ് റദ്ദാക്കും. തൊഴിലുടമയ്ക്കെതിരേ അക്രമം നടത്തിയാൽ അവരെ പോലീസിന് കൈമാറും. അഞ്ചുവർഷത്തിനിടെ നോക്കുകൂലിയുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണർക്ക് 17 പരാതിയാണ് ലഭിച്ചത്. ചുമടുമായി ബന്ധപ്പെട്ട് ആറ്് പണിമുടക്കുകളുമുണ്ടായെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി ക്ഷേമനിധി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

നോക്കുകൂലിയുമായി ബന്ധപ്പെട്ട് കോടതിയുടെ പരാമർശമുണ്ടായത് പത്രമാധ്യമങ്ങളിലെ തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിലാണ്. കോടതിയെ വസ്തുതകളും യാഥാർഥ്യവും ബോധ്യപ്പെടുത്താൻ തൊഴിൽവകുപ്പ് നടപടിയെടുക്കും -മന്ത്രി പറഞ്ഞു.