തിരുവനന്തപുരം: കഴിഞ്ഞ വിഡ്ഢിദിനത്തിലാണ് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. അദ്ദേഹം രാജിവയ്ക്കുമ്പോൾ മന്ത്രിമാരുടെ രാജിയിൽ പിണറായിസർക്കാർ മുന്നിലാണ്. ഒന്നരവർഷത്തിനിടെ മൂന്ന് മന്ത്രിമാർക്കാണ് ഇറങ്ങിപ്പോകേണ്ടിവന്നത്.
 
2016 മേയ് 25-നാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് മാസങ്ങൾക്കകം ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രിസഭ വിടേണ്ടിവന്നു. പിന്നാലെ ഫോൺകെണിയിൽ കുടുങ്ങിയ എ.കെ. ശശീന്ദ്രനും. മൂന്നാമനാണ് തോമസ് ചാണ്ടി. ശശീന്ദ്രനും തോമസ് ചാണ്ടിയും എൻ.സി.പി. അംഗങ്ങൾ. 

ആരോപണങ്ങൾക്ക് പഞ്ഞമില്ലായിരുന്നെങ്കിലും കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ  അഞ്ചുവർഷത്തിൽ മൂന്നുമന്ത്രിമാർ മാത്രമാണ് രാജിവെച്ചത്. ഗാർഹികപീഡനപരാതിയിൽ കെ.ബി. ഗണേഷ്‌കുമാറും ബാർകോഴക്കേസിൽ കെ.എം.മാണിയും പുറത്തായി. ബാർകോഴയിൽ ആരോപണവിധേയനായ കെ.ബാബു രാജിവെച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജി ഗവർണർക്ക് കൈമാറിയില്ല. ബാബു തിരിച്ചെത്തി. 

EP jayarajan2016 ഒക്ടോബർ 14

ഇ.പി. ജയരാജന്റെ രാജി. വ്യവസായ മന്ത്രിയായിരുന്ന ജയരാജൻ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ഭാര്യാസഹോദരി പി.കെ. ശ്രീമതി എം.പി.യുടെ മകൻ ഉൾപ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചത് വിവാദമായി. പത്തുദിവസംനീണ്ട പ്രശ്നങ്ങൾക്കൊടുവിൽ രാജി. വിജിലൻസ് പിന്നീട് ജയരാജനെ കുറ്റവിമുക്തനാക്കി. കോടതി ഇത് അംഗീകരിച്ചു. 

2017 മാർച്ച് 26 ak sasindran

ഗതാഗതമന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ രാജിവെച്ചു. ചാനൽ ഒരുക്കിയ പെൺകെണിയിൽപ്പെട്ട ശശീന്ദ്രന്റെ അശ്ലീലസംഭാഷണം ചാനൽ പുറത്തുവിട്ടു. സംഭാഷണം പുറത്തുവന്ന അന്നുതന്നെ രാജി. തുടർന്ന് ഏപ്രിൽ ഒന്നിന് തോമസ് ചാണ്ടി ഗതാഗതവകുപ്പ് മന്ത്രിയായി. ഈ കേസ് ഇപ്പോൾ ഒത്തുതീർപ്പിന്റെ വഴിയിലാണ്. ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണവും നടക്കുന്നു. 


229 ദിവസത്തെ മന്ത്രി

2017 നവംബർ 15 തോമസ് ചാണ്ടിയുടെ രാജി. തോമസ് ചാണ്ടി മന്ത്രിയായിരുന്നത് 229 ദിവസം-ഏഴുമാസവും 15 ദിവസവും. ഒരുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരമേറ്റു. കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തികപുരോഗതി സ്വപ്നമായി തുടരുന്നു. 


ഭൂമിയിൽത്തട്ടി വീണ രണ്ടാമൻ

ഭൂമിവിവാദങ്ങൾ മന്ത്രിയുടെ രാജിക്ക് മുന്പും കാരണമായി. മുമ്പ് രാജിവെച്ചത് ടി.യു. കുരുവിള. 2007 സെപ്റ്റംബർ നാലിന്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ഒരു പ്രവാസി വ്യവസായിയിൽനിന്ന് അദ്ദേഹത്തിന്റെ മക്കൾ പണം വാങ്ങിയെങ്കിലും ഭൂമി കൈമാറിയില്ലെന്നായിരുന്നു പരാതി.