നെടുങ്കണ്ടം: അണക്കെട്ടുകൾ തുറന്നുവിട്ട് ജനങ്ങളെ മുക്കിക്കൊന്നെന്ന യു.ഡി.എഫ്. പ്രചാരണം ശുദ്ധ അസംബന്ധമെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. അണക്കെട്ടുകൾ തുറന്നുവിട്ടതുമൂലമാണ് മഹാപ്രളയമുണ്ടായതെന്നാണ് രമേശ് ചെന്നിത്തലയും യു.ഡി.എഫുകാരും പറഞ്ഞുപരത്തുന്നത്. പേമാരി ഉണ്ടായി ഡാം നിറഞ്ഞാൽപ്പിന്നെ തുറന്നുവിടാതെ പിടിച്ചുനിർത്താൻ സാധിക്കുമോ. ഷട്ടറുള്ള അണക്കെട്ടുകളെല്ലാം തുറന്നുവിട്ടേ മതിയാവൂ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മന്ത്രി മണി പറഞ്ഞു.

പാമ്പാടുംപാറയ്ക്കു സമീപം പത്തിനിപ്പാറയിൽ എൽ.ഡി.എഫ്. കുടുംബയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്. ഗവൺമെന്റിനെതിരേ എന്തെങ്കിലും ആരോപണം ഉന്നയിക്കണമല്ലോ എന്നുവിചാരിച്ച് ഉന്നയിക്കുന്ന ആരോപണമാണിത്. 82 അണക്കെട്ടുകളിൽ ഇപ്പോഴും പകുതി സംഭരണശേഷിയിൽ വെള്ളമുണ്ട്. ഇവയെല്ലാം ഇപ്പോൾ തുറന്നുവിട്ടാലും നാട്ടിൽ പ്രളയമുണ്ടാകും. എന്നുവച്ച് ആരെങ്കിലും അതു തുറന്നുവിടുമോ. വസ്തുതകൾ മനസ്സിലാക്കാത്ത പ്രചാരണമാണ് യു.ഡി.എഫ്. നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlights: minister mm mani response about allegations on kerala flood