തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെപേരിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ സംസാരിക്കുന്നു. യു.എ.ഇ. കോൺസുലേറ്റുമായുള്ള ബന്ധമെങ്ങനെ? സ്വപ്നാ സുരേഷിനെ വിളിക്കാനുള്ള സാഹചര്യമെന്ത്? അദ്ദേഹം വിശദീകരിക്കുന്നു.

എങ്ങനെയാണ് യു.എ.ഇ. കോൺസുലേറ്റുമായും അവിടെയുള്ളവരുമായും ബന്ധം?

കോൺസുലേറ്റുമായി വളരെ നേരത്തേതന്നെ ബന്ധമുണ്ടെങ്കിലും അത് ദൃഢമാകുന്നത് 2017-ൽ ഷാർജ ശൈഖ് കേരളം സന്ദർശിച്ചപ്പോഴാണ്. ഏഴു ദിവസത്തെ ശൈഖിന്റെ സന്ദർശനവേളയിലും ഞാനായിരുന്നു മിനിസ്റ്റർ ഇൻ വെയ്റ്റിങ്. ഒരു പത്രത്തിനായി ഞാനദ്ദേഹത്തെ അഭിമുഖം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ കാര്യം നോക്കിയിരുന്നത് അന്ന് കോൺസലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നാ സുരേഷായിരുന്നു. സ്വാഭാവികമായും സ്വപ്നയുമായും എനിക്ക് പരിചയമുണ്ടായി.

എന്നാൽ, അവരെ വിളിക്കേണ്ടിവന്ന സാഹചര്യം ഞാൻ വിശദീകരിച്ചതാണ്. ലോക്ഡൗൺകാരണം റംസാൻ റിലീഫ് കൊടുക്കാനാകാതെ വന്ന സാഹചര്യത്തിൽ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണ് ഞാൻ അവരെ വളിച്ചത്. അതും ആകെ ഒമ്പതുതവണ. കോൺസൽ എനിക്കയച്ച മെസേജും ഞാൻ പരസ്യമാക്കിയിരുന്നു. ഓരോ വിളിയും ഒരു മിനിറ്റ്, ഒന്നര മിനിറ്റ്. ഒമ്പത് തവണയായി സംസാരിച്ച ആകെ സമയം 15 മിനിറ്റിൽ താഴെ.

റംസാൻ റിലീഫ് വിതരണം സ്വപ്നയിലൂടെയാണോ നടന്നത്?

ലോക്ഡൗൺ കാലത്ത് എന്റെ മണ്ഡലത്തിൽ പതിനായിരത്തിൽപ്പരം പേർക്ക് ജാതി, മത, പാർട്ടി പരിഗണന കൂടാതെ ഞാൻ സഹായം ചെയ്തിരുന്നു. പലരിൽനിന്നായി വാങ്ങിയാണ് സഹായമെത്തിച്ചത്. ഇതിൽ 1000 പേർക്ക് കോൺസുലേറ്റിൽനിന്ന് ലഭ്യമാക്കിയ സാധനങ്ങളും മറ്റുമാണു നൽകിയത്. സർക്കാർ ഏജൻസിവഴി കോൺസുലേറ്റാണ് അതെല്ലാം ക്രമീകരിച്ചത്. ആ പാക്കറ്റുകളിൽ അവരുടെ മുദ്ര ആലേഖനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സ്വപ്നയുമായി സംസാരിക്കേണ്ടിവന്നത്. സാധനങ്ങൾ വിതരണത്തിനും മറ്റും എത്തിച്ചത് സ്വപ്നയായിരുന്നു. റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടും മറ്റു ചടങ്ങുകളുടേതായും എന്റെ ഒരുപാട് ചിത്രങ്ങൾ കോൺസുലേറ്റിന്റെ സൈറ്റിലും മറ്റുമുണ്ട്.

വിദേശരാജ്യത്തിന്റെ കോൺസുലേറ്റിൽനിന്ന് സഹായം വാങ്ങിയത് ചട്ടലംഘനമല്ലേ?

യു.എ.ഇ. കോൺസുലേറ്റ് കിറ്റിനുപുറമേ കുറച്ച് ഖുറാനും തന്നിരുന്നു. ഇതൊന്നും ഞാൻ കൈപ്പറ്റിയിട്ടില്ല. കോൺസുലേറ്റിനോട് ഞാൻ സഹായം ചോദിച്ചിട്ടുമില്ല. അവർ നൽകാൻ സന്നദ്ധമായതാണ്. ഖുറാൻ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളെ അവർതന്നെ ഏല്പിക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലുള്ള നമ്മുടെ എംബസികൾ ദീപാവലിക്കും മറ്റും ആ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും മധുരപാക്കറ്റുകൾ നൽകാറില്ലേ? അതൊക്കെ നയതന്ത്രതലത്തിൽ കുറ്റമായി ആരും കാണാറില്ലല്ലോ. യു.എ.ഇ. പോലെയുള്ള ഒരു രാജ്യം റംസാനുമായി ബന്ധപ്പെട്ട് കുറച്ച് കിറ്റുകൾ വിതരണംചെയ്യാൻ സഹായിച്ചത് നയതന്ത്രതലത്തിൽ വലിയ കുറ്റമായി ഞാൻ കണ്ടിരുന്നില്ല. ഇപ്പോഴും അങ്ങനെ കാണുന്നില്ല. ഈ കിറ്റുകൾ വാങ്ങാതിരിക്കുന്നതാണ് നയതന്ത്രബന്ധം ശക്തിപ്പെടാൻ നല്ലത് എന്നും ഞാൻ വിചാരിക്കുന്നില്ല.

ഇത് നയതന്ത്ര ചട്ടങ്ങൾ പ്രകാരം വലിയ തെറ്റായിരുന്നെന്ന് വിമർശനം വന്നിരുന്നല്ലോ. കേന്ദ്ര സർക്കാരിൽനിന്ന് എന്തെങ്കിലും അന്വേഷണം വന്നോ?

ഇതുവരെ ഒരു നോട്ടീസും ആരും തന്നിട്ടില്ല. നേരിലും അറിയിച്ചിട്ടില്ല. മാത്രമല്ല, അങ്ങനെയാണെങ്കിൽത്തന്നെ കേന്ദ്രസർക്കാർ അതെന്നോടല്ലല്ലോ, യു.എ.ഇ. കോൺസുലേറ്റിനോടല്ലേ പറയേണ്ടത്; ഇവിടെ സാമ്പത്തികമായി പ്രയാസപ്പെടുന്നവരൊന്നുമില്ല, റംസാൻ റിലീഫിന്റെ പോലും ആവശ്യമില്ല എന്നൊക്കെ.

സ്വപ്നയുമായുള്ള ബന്ധത്തിൽ എപ്പോഴെങ്കിലും സംശയം തോന്നിയിരുന്നോ?

ഒരിക്കലുമില്ല. കോൺസുലേറ്റ് നടത്തുന്ന യു.എ.ഇ. സ്ഥാപക ദിനാഘോഷം, ഇഫ്താർ പരിപാടികളിൽ ഞാനടക്കമുള്ള മന്ത്രിമാരും നേതാക്കളും പലപ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊക്കെ സ്വപ്നയെ കോൺസുലേറ്റിന്റെ ഭാഗമായാണ് കണ്ടിരുന്നത്. മറിച്ചൊരു കാര്യം നമ്മുടെ ശ്രദ്ധയിൽ വന്നിട്ടില്ല. അങ്ങനെ സംശയം തോന്നേണ്ട കാര്യവുമുണ്ടായിട്ടില്ല. അവർ ഏറ്റവും നന്നായാണ് ഇടപെട്ടിരുന്നത്. കാര്യമാത്ര പ്രസക്തമായേ അവർ എന്നോടും ഞാൻ അവരോടും സംസാരിച്ചിട്ടുള്ളൂ. 12 വർഷം കോളേജിൽ പഠിപ്പിച്ച എന്നെക്കുറിച്ച് സഹപ്രവർത്തകർക്കൊക്കെ അറിയാം. മുളയിലേ അറിയാം മുളക്കരുത്ത് എന്നാണല്ലോ.

സ്വപ്ന എപ്പോഴെങ്കിലും എന്തെങ്കിലും സഹായം ആവശ്യപ്പെട്ടിരുന്നോ?

ഒരിക്കലും അവർ ഒരു കാര്യവും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഒന്നും ചെയ്ത് നൽകിയിട്ടുമില്ല. അല്ലെങ്കിലും സ്വർണത്തോട് എനിക്ക് പണ്ടേ അലർജിയാണ്. എന്റെ രണ്ട് പെൺമക്കളും ഒരുതരിപോലും സ്വർണം ഇടാറില്ല. മൂത്തമകളുടെ കല്യാണത്തിന് ഒരു ഖുറാനാണ് ഞാൻ മഹറായി നൽകിയത്.

അങ്ങയുടെ സ്റ്റാഫും സ്വപ്നയുമായി പലവട്ടം സംസാരിച്ചിട്ടുണ്ട്?

അതും പരിശോധിച്ചു. റംസാൻ കിറ്റിന്റെ കാര്യത്തിനുതന്നെയാണ് അതിലൊരാൾ സംസാരിച്ചത്. പി.വി. അബ്ദുൾ വഹാബ് എം.പി. കോൺസുലേറ്റിൽ നൽകാൻ ഒരു കത്ത് എന്റെ ഓഫീസിൽ എത്തിച്ചിരുന്നു. ആ കത്ത് നൽകാനാണ് മറ്റൊരു സ്റ്റാഫംഗം സംസാരിച്ചത്. അബ്ദുൾ വഹാബിനോട് ചോദിച്ചാൽ നിജസ്ഥിതി അറിയാം.

മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ ധരിപ്പിച്ചിരുന്നോ?

ഫോൺവിളി വിവാദം വന്നപ്പോൾ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടത്. അദ്ദേഹത്തോടും പറഞ്ഞു. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രി അങ്ങേയറ്റം കൂടെനിൽക്കും. എനിക്കെതിരേ മുമ്പുണ്ടായ ചില വിവാദങ്ങിലും മുഖ്യമന്ത്രിയിൽനിന്നുണ്ടായ അനുഭവം അങ്ങനെയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെയടുക്കൽ പോകാൻ ഭയക്കേണ്ടതില്ല. തെറ്റിന്റെ അല്പമെങ്കിലും കഴമ്പുണ്ടെങ്കിൽ അദ്ദേഹം സംരക്ഷിക്കുകയുമില്ല.

യു.ഡി.എഫും ബി.ജെ.പി.യും താങ്കൾക്കെതിരേ വലിയ പ്രചാരണം നടത്തുന്നുണ്ടല്ലോ?

മതബോധമുള്ള മുസ്‌ലിങ്ങളെല്ലാം മുസ്‌ലിം ലീഗിലോ എസ്.ഡി.പി.ഐ., വെൽഫയർ പാർട്ടി എന്നിവയിലോ പ്രവർത്തിക്കണമെന്നാണ് മലബാറിലെ മുസ്‌ലിം രാഷ്ട്രീയ സംഘടനകളുടെ താത്പര്യം. മതബോധമുള്ളയാൾ ഇടതുപക്ഷ സഹയാത്രികനായാൽ മതനിഷേധിയാകുമെന്നാണ് അവരുടെ ചിന്ത. ഞാൻ ഒരു നല്ല മതവിശ്വാസിയാണ്, മതേതരവാദിയാണ്, ഇടതുപക്ഷ സഹയാത്രികനുമാണ്. അങ്ങനെയുള്ളവരെ നശിപ്പിക്കാൻ യു.ഡി.എഫ്. കൺവീനർ ബെന്നി െബഹനാനെപ്പോലുള്ളവർ കരുവാകണോ എന്ന് അദ്ദേഹം ചിന്തിക്കട്ടെ. ബി.ജെ.പി.യുടെ പ്രചാരണത്തിന് അടിസ്ഥാനം വർഗീയതയാണ്. അപ്പുറത്ത് യു.എ.ഇ. കോൺസുലേറ്റും കെ.ടി. ജലീലുമായിപ്പോയി. സഹായം റംസാൻ കിറ്റും.

content highlights: minister kt jaleel interview