വർക്കല: രാജ്യത്തു വളർന്നുകൊണ്ടിരിക്കുന്ന മതവെറിയുടെ കുടിലചിന്തകൾക്കെതിരേ പോരാടാൻ ശിവഗിരി മഠത്തിനും ശ്രീനാരായണീയർക്കും ബാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 87-ാമത് ശിവഗിരി തീർഥാടന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയ്ക്കാണ് ഗുരു പ്രാധാന്യം നൽകിയത്. ഗുരുവിന്റെ, നമുക്ക് ജാതിയില്ല വിളംബരം അതാണ് വെളിപ്പെടുത്തുന്നത്. ഗുരുദേവചിന്തകളെല്ലാംതന്നെ മത-വർഗീയതകൾക്കെതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തീർഥാടനത്തോടനുബന്ധിച്ചു നടന്ന കായികമത്സര വിജയികൾക്ക് ട്രോഫികളും ചടങ്ങിൽ മന്ത്രി വിതരണംചെയ്തു.

ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നു സമൂഹത്തിൽ ചോദ്യംചെയ്യപ്പെടുന്ന പ്രവണത ഉയർന്നുവരുന്നതായി അധ്യക്ഷനായ മന്ത്രി എം.എം.മണി പറഞ്ഞു. മഹത്തായ സാമൂഹികവിപ്ലവത്തിനാണ് ഗുരു നേതൃത്വം നൽകിയത്. അന്നു വരുത്തിയ മാറ്റങ്ങളുടെ അതേ സാഹചര്യമാണോ ഇന്നുള്ളതെന്ന്‌ അന്വേഷിക്കാൻ നമുക്കു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരി ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിനു മുകളിൽ സ്ഥാപിച്ച 50 കിലോവാട്ട് വൈദ്യുതി ലഭിക്കുന്ന സോളാർ പ്ലാന്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.

സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ബി.സത്യൻ എം.എൽ.എ., വി.ജോയി എം.എൽ.എ., മുൻ ഡി.ജി.പി. ടി.പി.സെൻകുമാർ, എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, വർക്കല കഹാർ, ടി.വി.രാജേന്ദ്രൻ, കെ.ചന്ദ്രബോസ്, അമ്പലത്തറ രാജൻ, വർക്കല നഗരസഭാ വൈസ് ചെയർമാൻ അനിജോ, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.ടി.മന്മഥൻ, എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട സെക്രട്ടറി ഡി.അനിൽകുമാർ, ശിവഗിരി തീർഥാടന സ്പോർട്‌സ് കമ്മിറ്റി ചെയർമാൻ വി.അനിൽകുമാർ, സ്പോർട്‌സ് കമ്മിറ്റി രക്ഷാധികാരി ബി.ജയപ്രകാശൻ, വർക്കല നഗരസഭാ കൗൺസിലർ എസ്.പ്രസാദ്, എ.എൽ.മുഹമ്മദ് എന്നിവർ സംസാരിച്ചു.

Content Highlights: Minister Kadakampally Surendran, Sivagiri Pilgrimage