തിരുവനന്തപുരം/കോട്ടയം/ചേർത്തല: എം.ജി. സർവകലാശാലയിൽ പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ അധികം മാർക്കുനൽകി ജയിപ്പിച്ചെന്ന് ആരോപണം. സർവകലാശാലാ ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് സിൻഡിക്കേറ്റ് തീരുമാനമെടുത്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെ വിഷയം രാഷ്ട്രീയവിവാദമായി. ജലീൽ മന്ത്രിസ്ഥാനമൊഴിയണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നാൽ, ആരോപണം തള്ളിയ മന്ത്രി തെളിവുണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടതെന്ന് മറുപടിനൽകി.

പരീക്ഷാഫലംവന്നാൽ പിന്നെ വിദ്യാർഥികൾക്ക് ഏതെങ്കിലുംതരത്തിൽ മാർക്ക് അധികം നൽകാൻ കഴിയില്ലെന്ന നിയമം അട്ടിമറിച്ചെന്നാണ് ആരോപണം. 2014-18 ബാച്ചിൽ ബി.ടെക്. പരീക്ഷയെഴുതി ഫലംവന്നപ്പോൾ ഒരു പരീക്ഷയിൽ തോറ്റ വിദ്യാർഥിയാണ് ജയിക്കാൻ അപേക്ഷയുമായെത്തിയത്. ഫലം വന്നതിനാൽ ഇതിന് വഴിയുണ്ടായില്ല. എൻ.എസ്.എസ്. വൊളന്റിയറായിരുന്നത് കാണിച്ച് ഗ്രേസ് മാർക്ക് തേടിയെങ്കിലും അത് മുമ്പേതന്നെ അനുവദിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ അപേക്ഷ തള്ളി.

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഫയൽ തീർക്കൽ അദാലത്തുവന്നു. ഇതിൽ മന്ത്രി ജലീലിന്റെ പി.എ.യും പങ്കെടുത്തിരുന്നു. ഫെബ്രുവരി 22-നായിരുന്നു ഇത്. ഇതിൽ വിദ്യാർഥിയുടെ അപേക്ഷ വെച്ചിരുന്നു. ഇയാളെ പരീക്ഷയിൽ വിജയിപ്പിക്കാൻ ഒരു മാർക്ക് കൊടുക്കാൻ തീരുമാനിച്ചു. ഇത് വൈസ് ചാൻസലറും അംഗീകരിച്ചു. പക്ഷേ, തീരുമാനം ബന്ധപ്പെട്ട സെക്‌ഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ഫലംവന്നതിനാൽ മാർക്ക് കൂട്ടിനൽകുന്നത് ക്രമവിരുദ്ധമാണെന്ന് രേഖപ്പെടുത്തി.

വിഷയം അക്കാദമിക് കൗൺസിലിലേക്ക് വിട്ടു. കൗൺസിൽ ഇനിയും വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ല. പക്ഷേ, ഏപ്രിൽ 30-ന് സിൻഡിക്കേറ്റ് ഇതേ വിഷയം പരിഗണിച്ചു. അഞ്ചുമാർക്ക് നൽകാൻ അവർ തീരുമാനിച്ചു. ഇതോടെ ആ വിദ്യാർഥിയും വിജയിച്ചു. സമർഥരായ കുട്ടികളിൽ ചിലർ പരീക്ഷയിൽ തോൽക്കുന്നതായി പരാതിവരുമ്പോൾ ഇങ്ങനെ മാർക്ക് നൽകാറുണ്ടെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഫലം വന്നശേഷം ന്യായം ഉറപ്പാക്കാൻ പരിശോധനയും വേണമെങ്കിൽ മാർക്ക് ദാനവും ഉണ്ടാകാറുണ്ടെന്നും ഇവർ പറയുന്നു.

മാർക്ക് നൽകിയത് സിൻഡിക്കേറ്റ് തീരുമാനപ്രകാരമെന്ന് വി.സി.

ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് എം.ജി. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്. പരീക്ഷ ചട്ടങ്ങളനുസരിച്ച് സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് മാർക്ക് നൽകിയത്. മന്ത്രി കെ.ടി.ജലീലോ പ്രൈവറ്റ് സെക്രട്ടറിയോ ഇടപെട്ടിട്ടില്ല.

ഒരു വിഷയത്തിനുമാത്രം തോറ്റതിനാൽ ബി.ടെക് കോഴ്‌സ് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു വിദ്യാർഥിനി മോഡറേഷന് വേണ്ടി അദാലത്തിൽ അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. പിന്നീട് സിൻഡിക്കേറ്റിൽ കൂടുതൽ വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കണമെന്ന അഭിപ്രായം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഡറേഷൻ നൽകാൻ തീരുമാനിച്ചത്. ഇതുമൂലം 25 വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചു. ജുഡീഷ്യൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വൈസ് ചാൻസലർ പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണം വേണം

മാർക്കുദാനം നടത്തിയതിൽ മന്ത്രി കെ.ടി. ജലീലും പേഴ്‌സണൽ സ്റ്റാഫും വഴിവിട്ട് ഇടപെട്ടു. അഴിമതികാട്ടിയ മന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം. സർവകലാശാലാ ചട്ടമനുസരിച്ച് പരീക്ഷകളിൽ മാർക്ക് കൂട്ടിനൽകാനുള്ള അധികാരം പാസ് ബോർഡുകൾക്കാണ്. അതും ഫലംവരുന്നതിന് മുൻപുമാത്രമെ പാടുള്ളൂ-രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

പ്രതിപക്ഷനേതാവിന്റേത് പൊയ്‌വെടി

പ്പ്രതിപക്ഷനേതാവിന്റേത് പൊയ്‌വെടിയാണ്. ബന്ധുനിയമനമടക്കം ഇത്തരത്തിൽ ഒട്ടേറെ പൊയ്‌വെടികൾ അദ്ദേഹം വെച്ചിട്ടുണ്ട്. എന്റെ പ്രൈവറ്റ് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തത് സ്വാഭാവിക നടപടിമാത്രമാണ്. പ്രതിപക്ഷ നേതാവല്ല ആരെതിർത്താലും അർഹതയും യോഗ്യതയുമുള്ളവരെ സർക്കാർ സഹായിക്കും. ചട്ടവിരുദ്ധമായകാര്യങ്ങൾ നടന്നാൽ പരാതിക്കാർക്ക് കോടതിയിൽ പോകാൻ അവസരമുണ്ട്-മന്ത്രി കെ.ടി. ജലീൽ