തിരുവനന്തപുരം: ബിന്ദു അമ്മണിയുമായോ മറ്റാരെങ്കിലുമായോ തിങ്കളാഴ്ച സെക്രട്ടേറിയറ്റിൽ താൻ കൂടിക്കാഴ്ച നടത്തിയെന്നു തെളിയിക്കാൻ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി എ.കെ. ബാലൻ. വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിൽ സുരേന്ദ്രൻ മാപ്പുപറയണമെന്നു മന്ത്രി ആവശ്യപ്പെട്ടു. നവമാധ്യമങ്ങളിൽ സുരേന്ദ്രന്റെ കുറിപ്പിനെതിരേയാണു പ്രതികരണം.

തിങ്കളാഴ്ച 11-ന് ചേർത്തലയിലും വൈകുന്നേരം ആറിന് കരുനാഗപ്പള്ളിയിലും പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഉപജില്ലാ ഓഫീസുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ആർക്കും യാത്രാരേഖകൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല കയറാൻ പോയതെന്ന് വരുത്താനാണ് ബി.ജെ.പി. ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിനുപിന്നിൽ നടന്നിട്ടുണ്ട്. തൃപ്തി വരുന്ന വിവരം ആർ.എസ്.എസിനും ഒരു ടി.വി. ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളൂ. പോലീസ് കമ്മിഷണറുടെ ഓഫീസിൽ പോയപ്പോൾ അവിടെ ബി.ജെ.പി.ക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതൊക്കെ ഗൂഢാലോചനയുടെ തെളിവുകളാണ് -മന്ത്രി പറഞ്ഞു.

content highlights: Minister AK Balan against K Surendran