കൊച്ചി: തിരശ്ശീല ഉയരുമ്പോൾ വേദിയിൽ പാന്റ്സും ജുബ്ബയും ധരിച്ച ആറുപേരും ആറു മൈക്കുകളും. അവതാരകനായി ഘനഗംഭീര ശബ്ദത്തിൽ വർക്കിച്ചൻ പേട്ട. പിന്നാലെ ചിരിയുടെ മാലപ്പടക്കങ്ങളുമായി സിദ്ദിഖും ലാലും റഹ്‌മാനും പ്രസാദും അൻസാറും. മലയാളിയുടെ ജനപ്രിയ കലാവിരുന്നായിരുന്ന കൊച്ചിൻ കലാഭവന്റെ ‘മിമിക്സ് പരേഡി’ന്റെ ദൃശ്യം. മിമിക്സ് പരേഡിനു ചൊവ്വാഴ്ച 40 വർഷം തികയുമ്പോൾ അത്‌ മലയാളിയെ കുടുകുടാ ചിരിപ്പിച്ച ഒരു കാലത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.

1981 സെപ്റ്റംബർ 21-ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിലാണ് കേരളത്തിലെ ആദ്യത്തെ മിമിക്സ് പരേഡ് അരങ്ങേറിയത്. പുട്ടിനിടയിൽ തേങ്ങാപ്പീര പോലെ ഗാനമേളയ്ക്കിടയിൽ അവതരിപ്പിച്ചിരുന്ന മിമിക്രിയെ ഒരു മുഴുനീള കലാവിരുന്നായി അവതരിപ്പിക്കാനുള്ള ആശയം കൊണ്ടുവന്നത് കലാഭവനിലെ ആബേലച്ചനായിരുന്നു. ആബേലച്ചൻ മിമിക്സ് പരേഡിനെക്കുറിച്ച് പറഞ്ഞപ്പോൾതന്നെ അതിന്റെ സ്‌ക്രിപ്റ്റ് എഴുതാൻ റെഡിയായി സിദ്ദിഖും ലാലും മുന്നോട്ടുവന്നു.

1981-ലെ സ്വാതന്ത്ര്യദിനത്തിൽ പത്രക്കാർക്കു മുന്നിലായിരുന്നു മിമിക്സ് പരേഡിന്റെ ട്രയൽ. അതു വിജയകരമായതോടെ സെപ്റ്റംബർ 21-ന് ആദ്യ പരിപാടി തീരുമാനിച്ചു.

ആബേലച്ചന്റെ അപാരധൈര്യമായിരുന്നു മിമിക്സ് പരേഡിന്റെ പിറവിക്ക്‌ കാരണമെന്ന് സിദ്ദിഖ്. “കലാഭവന്റെ ഗാനമേള സൂപ്പർ ഹിറ്റായി പോയിക്കൊണ്ടിരിക്കുന്ന കാലത്ത് മിമിക്സ് പരേഡിന് ആബേലച്ചൻ തന്ന പിന്തുണ വളരെ വലുതായിരുന്നു. അന്നു കലാഭവനിലെ ഏറ്റവും മികച്ച ഗായകനു പോലും ഒരു പരിപാടിക്ക്‌ 75 രൂപ മാത്രം പ്രതിഫലം ലഭിച്ചിരുന്നപ്പോൾ ഞങ്ങൾക്ക്‌ 100 രൂപ വീതമാണ് അച്ചൻ തന്നത്. അന്ന് എൽ.ഡി. ക്ലാർക്കായി ജോലി ചെയ്തിരുന്ന എന്റെ മാസ ശമ്പളം 230 രൂപയായിരുന്നു. ആദ്യം മിമിക്സ് നൈറ്റ് പോലെയുള്ള ചില പേരുകൾ ആലോചിച്ചെങ്കിലും ഒടുവിൽ മിമിക്സ് പരേഡ് എന്ന പേര് നിശ്ചയിക്കുകയായിരുന്നു. ഞങ്ങളുടെ ആദ്യത്തെ പരിപാടി കാണാൻ വന്നവരുടെ കൂട്ടത്തിൽ നടൻമാരായ മമ്മൂട്ടിയും ശ്രീനിവാസനുമൊക്കെ ഉണ്ടായിരുന്നു” -സിദ്ദിഖ് മിമിക്സ് പരേഡിന്റെ പിറവി ഓർത്തെടുത്തു.

മിമിക്സ്‌ പരേഡ് തുടങ്ങുന്ന കാലത്ത് സ്കൂളിൽ എൽ.ഡി. ക്ലാർക്ക് ആയിരുന്നു സിദ്ദിഖ്. ലാൽ ബിൽഡർ ഡിസൈനറായി ജോലി ചെയ്തുകൊണ്ടിരുന്നു. പ്രസാദ് സെയിൽസ് എക്സിക്യുട്ടീവായിരുന്നു. വർക്കിച്ചൻ എം.എസ്.ഡബ്ല്യു. വിദ്യാർഥിയും റഹ്‌മാൻ എം.എ. വിദ്യാർഥിയും. പഠനംകഴിഞ്ഞ്‌ നിൽക്കുകയായിരുന്നു അൻസാർ. കലാഭവനിലെ മിമിക്സ് പരേഡിലൂടെ വന്ന കലാകാരൻമാരിൽ ബഹുഭൂരിപക്ഷവും സിനിമയുടെ ലോകത്തെത്തിയതും വലിയ സന്തോഷമുള്ള കാര്യമായെന്ന് ആദ്യ സംഘം.

Content Highlights: Mimics Parade @40