തിരുവനന്തപുരം: എ.ടി.എം. കൗണ്ടറിനും കാർഡിനും സമാനമായ സംവിധാനം മിൽമ നടപ്പാക്കുന്നു. കവറിന് പകരം പാത്രത്തിലും ഇതുവഴി പാൽ വാങ്ങാം. പാൽ വിതരണത്തിലൂടെ ഓരോ ദിവസവും സൃഷ്ടിക്കുന്ന മാലിന്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻകൂടിയാണ് മിൽമയുടെ ഈ ശ്രമം.
ഉപഭോക്താക്കൾക്ക് പാത്രവുമായി എത്തി മറ്റാരുടേയും സഹായമില്ലാതെ മെഷീനിൽ നിന്ന് പാൽ വാങ്ങാവുന്ന പദ്ധതിയാണ് മിൽമയുടെ പരിഗണനയിലുള്ളത്.
തിരഞ്ഞെടുക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന കിയോസ്ക് മെഷീനിൽ നിന്ന് പാത്രവുമായി എത്തി ഉപഭോക്താക്കൾക്ക് പാൽ വാങ്ങാം. ഉപഭോക്താവിന് ലഭിക്കുന്ന എ.ടി.എം. കാർഡിന് സമാനമായ റിച്ചാർജ് കാർഡ് മെഷീനിൽ ഇട്ടശേഷം ആവശ്യമായ പാലിന് സമാനമായ രൂപ സ്ക്രീനിൽ സെറ്റ് ചെയ്യണം. തുടർന്ന് പാത്രം വെയ്ക്കുമ്പോൾ അത്രയും തുകയ്ക് തുല്യമായ പാൽ ലഭിക്കും.
പാക്കിങ് ചാർജ് ഇല്ലാത്തതിനാൽ സാധാരണ ലഭിക്കുന്നതിനേക്കാൾ ഒരുരൂപ വിലയിൽ കുറയും. പരീക്ഷണാടിസ്ഥാനത്തിൽ പട്ടം മിൽമ ഭവനിലാണ് കിയോസ്ക് മെഷീൻ സ്ഥാപിക്കുക. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് പറഞ്ഞു.
മെഷീൻ പ്രവർത്തിപ്പിക്കാൻ ആളുകൾ വേണ്ടെങ്കിലും ഓരോ നാലുമണിക്കൂർ ഇടവിട്ട് ടാങ്ക് വൃത്തിയാക്കാൻ ജീവനക്കാരുണ്ട്. ചൂടുവെള്ളവും തണുത്തവെള്ളവും ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നത് കണക്കിലെടുത്താണ് പട്ടം മിൽമാ ഭവനിൽ സ്ഥാപിക്കാൻ ആലോചിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സെല്ലുലോസ് മെറ്റീരിയൽ കൊണ്ടുള്ള കവർ കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും കവർ പെട്ടെന്ന് വലിയുന്നതായി പരാതിയുണ്ടായിരുന്നു.