ആലപ്പുഴ: കേരളത്തിലേയ്ക്ക് ഇതരസംസ്ഥാനത്തൊഴിലാളികളുടെ കുത്തൊഴുക്ക് തുടരുന്നു. ഇവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു.കേരളത്തിലെ സര്‍ക്കാര്‍ ഇതര തൊഴില്‍മേഖലയില്‍ 60 ശതമാനവും അന്യസംസ്ഥാന തൊഴിലാളികള്‍ കയ്യടക്കി. ഇത്തരം തൊഴിലാളികളില്‍ 45 ശതമാനം ബംഗാളികളാണ്. കൊല്‍ക്കത്ത വഴി കടക്കുന്ന ബംഗ്‌ളാദേശികളും ഇതില്‍പ്പെടും. ഒരു വര്‍ഷം 25000 കോടി രൂപയ്ക്കുമേല്‍ പുറത്തേക്കു പോകുന്നുവെന്നും കണക്കാക്കുന്നു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
 
മറ്റൊരു സംസ്ഥാനത്തേയ്ക്കുമില്ലാത്തവിധം കേരളത്തിലേയ്ക്ക് വന്‍തോതില്‍ അന്യസംസ്ഥാനക്കാരെത്തുന്നുണ്ട്.എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷത്തിലധികമാണ് അന്യസംസ്ഥാന തൊഴിലാളികളുള്ളത്. തൊട്ടടുത്തത് കോഴിക്കോടും പാലക്കാടും തിരുവനന്തപുരവുമാണ്- നാല് ലക്ഷത്തില്‍ കൂടുതല്‍ വരുമിത്. തൃശ്ശൂരും കൊല്ലവും മലപ്പുറവും കണ്ണൂരുമാണ് ഇതിനു പിന്നില്‍. ഇവിടെ രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയില്‍ അന്യസംസ്ഥാന തൊഴിലാളികളുണ്ട്.

മറ്റ് ജില്ലകളില്‍ ഒന്നരലക്ഷത്തിനുള്ളില്‍വരും.തൊഴില്‍വകുപ്പിനോ പോലീസിനോ കൃത്യമായി കണക്കെടുക്കാനാകാത്തവിധം ആഴ്ചകളില്‍ ആയിരങ്ങള്‍ വന്നുപോകുന്നതായാണ് കേന്ദ്ര ഏജന്‍സിയുടെ വിലയിരുത്തല്‍. ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 1500 പേര്‍ പുതുതായി കേരളത്തിലെത്തുന്നതായാണ് കണക്ക്. അസം, ബിഹാര്‍, യു.പി., ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 55 ശതമാനം വരും.

2013ല്‍ സംസ്ഥാന തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ പഠനം നടത്തിയിരുന്നു. ഈ കണക്ക് മാത്രമാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും പക്കലുള്ളത്. ആ കണക്ക് പ്രകാരം 2013ല്‍ കേരളത്തിലുള്ള അന്യസംസ്ഥാനക്കാര്‍ 25 ലക്ഷമായിരുന്നു.വര്‍ഷത്തില്‍ 17,500 കോടി രൂപ അന്യസംസ്ഥാനക്കാര്‍ വീടുകളിലേയ്ക്ക് അയയ്ക്കുന്നതായായിരുന്നു കണക്ക്.
 
2023-ഓടെ 45 ലക്ഷം തൊഴിലാളികള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.പുതിയ റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തിനകം 13,700 കോടിയോളം രൂപയാണ് അന്യസംസ്ഥാനത്തേയ്ക്ക് കേരളത്തില്‍നിന്ന് പോകുന്നത്.കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 30,000ല്‍പ്പരം പേര്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്.
 
ഹോട്ടലുകള്‍, പാറമടകള്‍, കട്ടച്ചൂളകള്‍, മീന്‍പിടിത്തം, കശുവണ്ടി, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം ഇതരസംസ്ഥാനക്കാരുടെ ആധിപത്യമുണ്ട്. 400 രൂപ മുതല്‍ 900 രൂപ വരെയാണ് വേതനം. പല സ്വകാര്യസ്ഥാപനങ്ങളിലും 65 ശതമാനം ഇതരസംസ്ഥാനക്കാരുണ്ട്.