മൂവാറ്റുപുഴ: തീരദേശ നിയമങ്ങൾ ലംഘിച്ച് ഗായകൻ എം.ജി. ശ്രീകുമാർ കെട്ടിടം നിർമിച്ചെന്ന കേസ് വിജിലൻസ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലൻസ് കോടതി. സമാനമായ കുറ്റകൃത്യങ്ങളുടെ പേരിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി വളരെ ഗൗരവമായി ഇതിനെ കാണുകയും ചെയ്യുമ്പോൾ, ഈ കേസിലെന്താണ് മറിച്ചൊരു നിലപാടെന്ന് കോടതി ചോദിച്ചു.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്‌സ്‌മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്.
പരാതിയിൽ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നും രണ്ടുവട്ടം വിജിലൻസ് ആവശ്യപ്പെട്ടിട്ടും വിജിലൻസ് ഡയറക്ടറും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ഇത് അംഗീകരിച്ചില്ല. വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്ന എ.ഡി.പി.യുടെ നിയമോപദേശവും വിജിലൻസ് ഡയറക്ടറുടെ ഉത്തരവും ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജി ഡോ. ബി. കലാം പാഷ വിജിലൻസിനെതിരേ രൂക്ഷ വിമർശമുന്നയിച്ചത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ അടക്കം 10 പേർക്കെതിരേ 2017 ഡിസംബറിൽ ഫയൽ ചെയ്ത കേസാണിത്.
മുളവുകാട് പഞ്ചായത്തിലെ ബോൾഗാട്ടിക്ക് സമീപം 10 സെന്റ് സ്ഥലത്താണ് ഇരുനില മന്ദിരം നിർമിച്ചത്. കോടതി ഉത്തരവുപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് മധ്യമേഖലാ എസ്.പി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടയച്ചു.
മുളവുകാട് പഞ്ചായത്ത് മുൻ സെക്രട്ടറിമാരായ കെ. പത്മിനി, പി.എം. ഷഫീക്, ജെസി ചെറിയാൻ, കെ.വി. മനോജ്, എസ്. കൃഷ്ണകുമാരി, പി.എസ്. രാജൻ, സലീമ, ആർ. മണിക്കുട്ടി എന്നിവരാണ് പ്രതികൾ.
അസിസ്റ്റന്റ് എൻജിനീയർ കെ.പി. സൈനബ ബീവി 9-ാം പ്രതിയും എം.ജി. ശ്രീകുമാർ 10-ാം പ്രതിയുമാണ്.
വിജിലൻസ് ഡയറക്ടർ അഞ്ച് കാര്യങ്ങൾക്ക് വിശദീകരണം തേടി. ഇതിനെല്ലാം നൽകിയ മറുപടികളും കേസെടുക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു. അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഡി. ബാബുവിന്റെ നിയമോപദേശത്തോടെയുള്ള മറുപടിയാണ് വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയത്. ഈ റിപ്പോർട്ടാണ് കോടതിയുടെ രൂക്ഷ വിമർശത്തിനിടയാക്കിയത്.
കെട്ടിടം പൊളിക്കാൻ എം.ജി. ശ്രീകുമാറിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും അത് തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും അവസാന തീരുമാനം വരുംവരെ കേസെടുക്കേണ്ടെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കേസിൽ ഹർജിക്കാരന് ആക്ഷേപം ഫയൽ ചെയ്യാൻ കോടതി നവംബർ 20 വരെ സമയം അനുവദിച്ചു.
അഴിമതിക്ക് വെള്ള പൂശാനാണോ വിജിലൻസ്-രൂക്ഷ വിമർശനവുമായി വിജിലൻസ് കോടതി
മൂവാറ്റുപുഴ: കോടതിക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ സ്വീകരിക്കണമെങ്കിൽ കോടതി മരിക്കണമെന്നായിരുന്നു വിജിലൻസ് കോടതിയിൽ ജഡ്ജിയുടെ പരാമർശം. വിജിലൻസിന് നാണക്കേടുണ്ടാക്കുന്നതാണ് ഹാജരാക്കിയിരിക്കുന്ന നിയമോപദേശ രേഖ. വാദിക്കില്ലാത്ത ആവശ്യം ഉപദേശകൻ കണ്ടെത്തുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്താണ്. പ്രാഥമികാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ രണ്ടുവട്ടം നടപടി ആവശ്യപ്പെട്ടിട്ടും അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും വിജിലൻസ് ഡയറക്ടറും ഇങ്ങനെ ചെയ്താൽ പിന്നെ കോടതിയുടെ ആവശ്യമില്ലല്ലോ - കോടതി കുറ്റപ്പെടുത്തി.
അഴിമതിക്ക് വെള്ളപൂശാനാണോ വിജിലൻസ്. ഇത്തരത്തിലാണ് കാര്യങ്ങളെങ്കിൽ എന്തിനാണ് മരടിലെയും പാലാരിവട്ടത്തെയും പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത് - രൂക്ഷമായ ഭാഷയിൽ കോടതി ചോദിച്ചു.
എറണാകുളം നഗരം കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലായത് വിജിലൻസ് കാണുന്നില്ലേ? ഇതാണ് ഉത്തരവാദപ്പെട്ട നിയമ സംവിധാനത്തിന്റെ സ്ഥിതിയെങ്കിൽ, എങ്ങനെ കായൽ അവശേഷിക്കും -കോടതി ചോദിച്ചു.
content highlights: MG sreekumar's building at bolgatty