കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ശൈലി മാറ്റണമോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കട്ടെയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കമ്യൂണിസ്റ്റുകാർ തിരുത്തലുകൾക്ക് വിധേയമായാണ് മുന്നോട്ടുപോകുന്നത്. ജനങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തും. അത് എല്ലാവർക്കും ബാധകമാണ്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന പ്രചാരണം ദൗർഭാഗ്യകരമാണ്. ശബരിമലയിൽ ആർ.എസ്.എസിന്റെ വർഗീയ അജൻഡയെ പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനെ ധാർഷ്ട്യമായി ചിത്രീകരിക്കുകയാണ്. പറയുന്ന ശൈലിയാണ് എല്ലാവരും നോക്കുന്നത്. അതിനുള്ളിലെ ആത്മാർഥത പരിഗണിക്കുന്നില്ല.

ശബരിമലയെയും വിശ്വാസികളെയും സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും ശ്രമിച്ചത്. ശബരിമല വിഷയത്തിലെ സർക്കാർനിലപാട് തെറ്റിദ്ധരിക്കപ്പെട്ടു. തെറ്റിദ്ധാരണ മാറ്റാൻ ജനങ്ങളിലേക്കിറങ്ങും. സർക്കാർ, വിശ്വാസത്തിനെതിരാണെന്ന് യു.ഡി.എഫടക്കം പ്രചരിപ്പിച്ചു. പാർട്ടിയിലെ ബഹുഭൂരിപക്ഷം വിശ്വാസികളിലുണ്ടായ ഭയാശങ്ക ദൂരീകരിക്കാൻ കഴിയാതെ പോയി. പഴയകാലത്തെ കമ്യൂണിസ്റ്റുകാരെപ്പോലെയല്ല ഇപ്പോഴുള്ളവർ. കാലത്തിനനുസരിച്ചുള്ള മാറ്റം അവരിലുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആത്മാർഥമായ സമീപനം ജനങ്ങൾക്ക് ബോധ്യപ്പെടും- എ. വിജയരാഘവൻ

തിരുവനന്തപുരം: അകന്നുപോയ ജനവിഭാഗങ്ങളെ തിരികെ കൂട്ടിയോജിപ്പിച്ച് എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കാനുള്ള ശക്തമായ നടപടി ഇടതുമുന്നണി സ്വീകരിക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ. ജനകീയപ്രശ്‌നങ്ങളിലെ എൽ.ഡി.എഫിന്റെയും സർക്കാരിന്റെയും ആത്മാർഥമായ സമീപനം ജനങ്ങൾക്ക് ബോധ്യപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവമായി വിലയിരുത്തി ആവശ്യമായ തിരുത്തൽ വരുത്തും. ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ നഷ്ടമായതും തിരിച്ചറിയുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ രാഷ്ട്രീയശത്രുക്കൾ താത്കാലികമായി വിജയിച്ചിട്ടുണ്ട്. ഇതെല്ലാം സൂക്ഷ്മമായി വിലയിരുത്തി മുന്നോട്ടുപോകും.

കേരളത്തിൽ ബി.ജെ.പി.ക്ക് ഒരു സീറ്റും കിട്ടിയില്ല എന്നത് ആശ്വാസമാണ്. കേന്ദ്രത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരുന്നത് കടുത്ത വെല്ലുവിളിയാണെന്നും വിജയരാഘവൻ പറഞ്ഞു.

പിണറായി വിശ്വാസത്തെ വർഗീയവത്‌കരിച്ചു- എൻ.കെ. പ്രേമചന്ദ്രൻ

തിരുവനന്തപുരം: വിശ്വാസപ്രശ്നത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചുവെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ഒന്നാമത്തെ കുറ്റപത്രമെന്ന് ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

ശബരിമലപ്രശ്‌നം സവർണരും അവർണരും തമ്മിലുള്ള പ്രശ്‌നമാക്കി അവതരിപ്പിച്ചു. വർഗീയത വളർത്തി ഭിന്നിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയമുതലെടുപ്പ് നടത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും നിലപാടിനും സമൂഹത്തെ വിഭജിക്കാനുള്ള തന്ത്രത്തിനുമേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പുഫലം. ഒരു ഇടതുപക്ഷ നേതാവിനും ചേരാത്ത രീതിയിലുള്ള വ്യക്തിഹത്യയാണ് തനിക്കെതിരേ കൊല്ലത്ത് നടന്നത്. സംഘിയായി മുദ്രകുത്തി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. നക്ഷത്രഹോട്ടലിൽ താമസിച്ച് മന്ത്രിമാരുടെ നേതൃത്വത്തിലാണ് അപവാദപ്രചാരണം നടന്നത്.

ക്രൈസ്തവ-മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ ആസ്ഥാനങ്ങളിലെത്തി തനിക്കെതിരേ വർഗീയത പ്രചരിപ്പിച്ചു. ഇതിനൊക്കെ ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ വിജയം. അപവാദപ്രചാരണം നടത്തിയതിന് സി.പി.എം. നേതാക്കൾ മാപ്പുപറയണം. മുഖ്യമന്ത്രിയുടെ ‘നെറികേട്’ പരാമർശമടക്കം വിജയത്തിന് കാരണമായി. ഊഹക്കച്ചവടത്തിന്റെ വക്താക്കളായ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നുകൊടുത്ത മുഖ്യമന്ത്രിയാണ് കോൺഗ്രസിന്റെ സാമ്പത്തികനയത്തെ വിമർശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: mercykutty amma, CMpinaray vijayan, 2019Loksabha Elections