തൃശ്ശൂര്‍: പാസഞ്ചറുകള്‍ക്ക് പകരം മെമു ഓടിക്കുമ്പോള്‍ കേരളത്തില്‍ ഒഴിവാക്കുന്നത് അഞ്ഞൂറോളം പഴയ കോച്ചുകള്‍. പൊളിക്കാനുള്ള കോച്ചുകള്‍ എറണാകുളം ഹാര്‍ബര്‍ ടെര്‍മിനല്‍സ്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണിപ്പോള്‍. പൊളിക്കാന്‍ ടെന്‍ഡര്‍ ആയിട്ടില്ല. ചക്രങ്ങള്‍ പോലെ പുനരുപയോഗിക്കാവുന്നവ മാറ്റിയ ശേഷമായിരിക്കും പൊളിക്കുക. തിരുവനന്തപുരം ഡിവിഷനില്‍ 300-ഉം പാലക്കാട് ഡിവിഷനില്‍ ഇരുനൂറോളം കോച്ചുകളും ഉണ്ടെന്നാണ് വിവരം.

കോച്ച് നിര്‍മാണ ഫാക്ടറികളിലേക്ക് മാറ്റിയ ശേഷമാണോ വലിയ സ്‌ക്രാപ് യാര്‍ഡ് ഉണ്ടാക്കി സംസ്ഥാനത്ത് തന്നെയാണോ പൊളിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തുറമുഖങ്ങളോടു ചേര്‍ന്ന് വരാന്‍ പോവുന്ന റീസൈക്ലിങ് യൂണിറ്റുകളിലെത്തിച്ച് പൊളിക്കാനും പദ്ധതിയുണ്ട്.

പഴയ കോച്ചുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ കൂടുതലായി വരുന്നതും സാമ്പത്തിക ബാധ്യതയായി റെയില്‍വേ കണക്കാക്കിയിരുന്നു. വരുമാനം കുറഞ്ഞ പാസഞ്ചറുകള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതിനാലാണ് മെമു(മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) എന്ന ആശയത്തിലേക്ക് റെയില്‍വേ മാറിയത്. പാസഞ്ചറുകള്‍ പൂര്‍ണമായും മെമുവിലേക്ക് മാറും എന്ന് കോവിഡിനു മുമ്പ് വ്യക്തമാക്കിയിരുന്നു. കോച്ച് ഫാക്ടറികളില്‍ ഇപ്പോള്‍ പഴയ ശൈലിയിലുള്ള കോച്ചുകളുടെ ഉത്പാദനം നിര്‍ത്തി. ആധുനിക എല്‍.എച്ച്.ബി. കോച്ചുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. കൂടാതെ മെമുവും.

മെമു ഓടിക്കുമ്പോള്‍

• ഒരു ലോക്കോ പൈലറ്റ് മതി.

• ഇരു വശത്തും എന്‍ജിന്‍ ഉള്ളതിനാല്‍ എന്‍ജിന്‍ ഷണ്ടിങ്ങിന്റെ ആവശ്യം ഇല്ല. 20 മിനിറ്റോളം സമയലാഭം.

• കൂടുതല്‍ യാത്രക്കാരെ കോച്ചുകളില്‍ ഉള്‍ക്കൊള്ളിക്കാം.

• സ്റ്റാര്‍ട്ട് ചെയ്ത ശേഷം വേഗം കൈവരിക്കാവുന്ന സമയം കുറയും.