ചേർത്തല: നാലുപതിറ്റാണ്ടുമുൻപ്‌ കെ.ജി. ജോർജിന്റെ ‘മേള’യിൽ നായകനായി രഘു ക്യാമറയ്ക്കുമുന്നിലെത്തുമ്പോൾ സഹനടനായത് സാക്ഷാൽ മമ്മൂട്ടിയാണ്. നായകനായി തുടങ്ങിയെങ്കിലും പിന്നീട്‌ മേളങ്ങളില്ലാതെയായിരുന്നു രഘുവിന്റെ സിനിമാജീവിതം. രൂപത്തിൽ കുറിയവനായ രഘുവിന് തുടർന്ന് സിനിമകളിൽ കിട്ടിയ വേഷങ്ങളും ചെറുതായിരുന്നു.

മമ്മൂട്ടിക്കൊപ്പം തുടങ്ങി ഒടുവിൽ മോഹൻലാലിനൊപ്പം ദൃശ്യം രണ്ടിൽ അഭിനയിച്ചാണ് മേള രഘു അരങ്ങൊഴിയുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. യാദൃശ്ചികമായി സിനിമയിലെത്തിയ രഘു നാടകത്തിലും സീരിയലിലും കൈവെച്ചെങ്കിലും അവിടെയും ഉയരങ്ങളിലെത്താനായില്ല. 1980-ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് രഘു നടനായത്. നടൻ ശ്രീനിവാസൻ നേരിട്ടെത്തിയാണ് രഘുവിനെ ‘മേള’യിൽ എത്തിച്ചത്.

സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോൾ രഘുവിന് അദ്‌ഭുതമായിരുന്നു. ഗോവിന്ദൻകുട്ടിയെന്ന കേന്ദ്രകഥാപാത്രമായി രഘുവും മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.

സ്കൂൾ-കോളേജ് തലങ്ങളിൽ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘുവിന് ആദ്യ സിനിമ വലിയ അനുഭവമായിരുന്നെങ്കിലും പിന്നീട് പ്രതീക്ഷിച്ചപോലെ മുന്നേറാനായില്ല. 40 വർഷത്തെ സിനിമാനുഭവങ്ങൾക്കൊപ്പം പ്രാരബ്ധങ്ങൾ മാത്രമായിരുന്നു രഘുവിന്റെ ജീവിതം. ഭൂപടങ്ങൾ, മറ്റു ചിത്രങ്ങൾ എന്നിവ വിറ്റാണ് പലപ്പോഴും ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തിയിരുന്നത്. വീടുപണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല.