മലപ്പുറം: രാജ്യത്തേറ്റവും കൂടുതല്‍ മരുന്നുവില്പന നടക്കുന്ന കേരളത്തിന് ഔഷധമേഖലയിലുണ്ടായിരുന്ന സാധ്യതകളോട് സംസ്ഥാനബജറ്റിന് മൗനം. മരുന്നുവിതരണത്തിന് പലപദ്ധതികളുമുണ്ടെങ്കിലും ഗുണനിലവാരം ഉറപ്പാക്കുന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

മേന്മയില്ലാത്ത മരുന്നുകളുടെ വ്യാപനം വാര്‍ത്താപ്രാധാന്യം നേടിയ കാലത്ത് സര്‍ക്കാരില്‍നിന്ന് ഏവരും ചിലതെങ്കിലും പ്രതീക്ഷിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഉത്പാദനം കേരളത്തിനുമുന്നിലെ വലിയ സാധ്യതയായി പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി.

കെ.എസ്.ഡി.പി.യുടെ സ്ഥലവും കെട്ടിടവും ഉപയോഗിച്ചുകൊണ്ടുതന്നെ പരിസ്ഥിതിമലിനീകരണം കുറവുള്ള മെഡിക്കല്‍ ഉപകരണനിര്‍മാണം തുടങ്ങാവുന്നതാണ്. സ്റ്റെന്റ്, ഓര്‍ത്തോപീഡിക് ഇംപ്ലാന്റുകള്‍, സിറിഞ്ച് തുടങ്ങിയ പലതും ഇവിടെ നിര്‍മിക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച വരുമാനമെന്നതിനുപുറമേ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ.

സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉപയോഗമില്ലാതെ കിടക്കുന്ന വ്യവസായപാര്‍ക്കുകളും മറ്റും ക്രമീകരിച്ച് മെഗാഫാര്‍മ പാര്‍ക്കുകളും യാഥാര്‍ഥ്യമാക്കാമായിരുന്നു. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വലിയ ആനുകൂല്യങ്ങളും ലഭിച്ചേനെ.

ഔഷധഗുണപരിശോധനയും മറ്റും നിര്‍വഹിക്കേണ്ട ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനെ പൂര്‍ണമായും അവഗണിച്ചു. ഇവിടെ പുതിയ തസ്തികകളും പരിശോധനാകേന്ദ്രങ്ങളും വാഹനസൗകര്യവും മറ്റും അനിവാര്യമായിരുന്നു. മരുന്നുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ നിലവാരത്തിനുപുറമേ വരുമാനവും ഉറപ്പാക്കുന്നതായിരുന്നു. ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

സ്വയംപര്യാപ്തതയ്ക്ക് അവസരമുണ്ട്

ഗുണനിലവാരമുള്ള മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ഉത്പാദിപ്പിച്ച് സംസ്ഥാനം സ്വയംപര്യാപ്തതമാകണം. കര്‍ണാടകയിലെ പൂനിയ ഫാര്‍മപാര്‍ക്കിന് സമാനമായി അടിസ്ഥാനസൗകരൃം ഒരുക്കിക്കൊടുത്താല്‍ നിക്ഷേപകര്‍ ഉറപ്പായും രംഗത്തിറങ്ങും.

ഇത്തരം പാര്‍ക്കില്‍ പരിശോധനാലാബുകളും സംസ്‌കരണസംവിധാനങ്ങളും ആലോചിക്കാം. കെ.എസ്.ഡി.പി.യിലെ ലാബില്‍ ഡ്രഗ് കണ്‍േട്രാള്‍ വിഭാഗം സമാഹരിക്കുന്ന സാമ്പിളുകളും പരിശോധിക്കാന്‍ സംവിധാനമൊരുക്കണം. പരിശോധന, സംസ്‌കരണഫീസുകള്‍ ഉത്പാദകരില്‍നിന്ന് ഈടാക്കാം.സനല്‍ സി. ആലപ്പുഴ

റീട്ടെയില്‍ ഔഷധഫോറം