കൊച്ചി: കാലാവധി കഴിഞ്ഞ മരുന്നുകൾ വിവരങ്ങൾ തിരുത്തി വീണ്ടും വിപണിയിലെത്തിക്കുന്ന സംഘങ്ങൾ സജീവം. വിഷയത്തിൽ ഗൗരവമായ ഇടപെടൽ വേണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ഇതിൽ നിയമഭേദഗതിക്കുള്ള നീക്കവും പുരോഗമിക്കുകയാണ്.

മരുന്നുകളുടെ കാലാവധിയും വിലയും ഉൾപ്പെടെയുള്ള വിവരങ്ങൾ മായ്ച്ച് പുതിയവ രേഖപ്പെടുത്തുന്ന രീതി വിവരിക്കുന്ന വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊൽക്കത്തയിലും അഹമ്മദാബാദിലുമായി ഇത്തരം മരുന്നുകൾ പിടിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് നൽകുന്ന സാമ്പിൾ മരുന്നുകളിൽ ചിലതും ഇത്തരത്തിലുള്ളതാണെന്ന് തെളിഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് അഭിഭാഷകനായ അമിത് സാഹ്‌നി കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി.കെ. റാവുവുമാണ് കേന്ദ്ര ആരോഗ്യ വകുപ്പിനും ഡ്രഗ്‌സ് കൺട്രോൾ ജനറലിനും നോട്ടീസയക്കാൻ ഉത്തരവിട്ടത്.

കാലാവധി തീർന്ന മരുന്നുകൾ സംസ്‌കരിക്കുന്ന നിയമത്തിലെ അവ്യക്തതകളാണ് പ്രശ്‌നം. ഇത്തരം മരുന്നുകൾ കുഴിച്ചിടുകയോ വെള്ളത്തിലൊഴുക്കുകയോ ചെയ്യുന്നതും പതിവാണ്. ഇത്തരത്തിൽ മണ്ണിൽ ചേരുന്ന രാസപദാർഥങ്ങൾ ഭക്ഷണത്തിലൂടെ മനുഷ്യരടക്കമുള്ളവരിലെത്തുന്നതായും അറിഞ്ഞിട്ടുണ്ട്. ഉപയോഗശൂന്യമായ മരുന്നുകൾ പതിനഞ്ചുദിവസത്തിലധികം കടകളിൽ സൂക്ഷിക്കാൻ പാടില്ലെന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി വേണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

നിയമം അനിവാര്യം

കാലാവധി കഴിഞ്ഞവയുടെ ഉത്തരവാദിത്വം നിർമാതാക്കളിൽ നിക്ഷിപ്തമാക്കുന്ന വിധത്തിൽ നിയമം വേണമെന്നത് ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തിൽ മൊത്തവ്യാപാരി സംഘടനയുടെ സഹകരണത്തോടെ സംവിധാനമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിന് സർക്കാരിന്റെ അനുമതി പ്രതീക്ഷിക്കുകയുമാണ്

-രവി എസ്. മേനോൻ,സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ

content highlights: old medicine,Medicine Expiry date