കൊച്ചി: യുക്തിസഹമല്ലാത്ത മരുന്നുസംയുക്തങ്ങളുടെ നിർമാണം നിയന്ത്രിക്കുന്നതിന് കൂടുതൽ നടപടികളുമായി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം. ഇതിന്റെ ഭാഗമായി 66 സംയുക്തങ്ങൾ നിർമിക്കുന്ന ബ്രാൻഡുകളോട് വിശദവിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയാത്ത മരുന്നുകൾക്ക് അനുമതിയുണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് വിഭാഗത്തിന്റെ നിർമാണാനുമതിവഴിമാത്രം ഉത്പാദിപ്പിക്കുന്ന ചില സംയുക്തങ്ങൾ തീരേ യുക്തിഭദ്രമല്ലെന്ന് വിമർശനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2007-ൽ ഇത്തരത്തിലുള്ള 294 സംയുക്തങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു. എന്നാൽ, കോടതിയുടെ ഇടപെടലിൽ ഇത് റദ്ദായി.

തുടർന്നാണ് സംയുക്തങ്ങളെ വിലയിരുത്താനായി വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതിയുടെ കണ്ടെത്തലിനെത്തുടർന്ന് 344 മരുന്നുകൾ മൂന്നരവർഷംമുമ്പ് നിരോധിച്ചു. വീണ്ടും കോടതിയിടപെടലുകൾ ഉണ്ടായി. ഡ്രഗ്സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡിന്റെ ഉപസമിതിയോടെ സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 323 മരുന്നുകൾ നിരോധിച്ചു.

സമിതിയുടെ റിപ്പോർട്ടിൽ പല മരുന്നിന്റെയും ഫലപ്രാപ്തിക്കുള്ള രേഖകൾ അപര്യാപ്തമാണെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിൽ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണം നടത്തിയ രേഖകൾ 49 മരുന്നുകളുടെ കാര്യത്തിൽ ലഭ്യമായില്ല. കൂടാതെ 17 മരുന്നിനങ്ങൾക്ക് ബന്ധപ്പെട്ടവർ നൽകിയ വിവരങ്ങൾ അപൂർണമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നവർ പൂർണമായ വിവരങ്ങൾ വരുന്ന ഫെബ്രുവരി 28-നകമാണ് സമർപ്പിക്കേണ്ടത്. ആദ്യവിഭാഗത്തിന് കൂടുതൽ നടപടികളുള്ളതിനാൽ മതിയായ രേഖകൾ നൽകാൻ ഏപ്രിൽ ഒന്നുവരെ സമയം നൽകി.