: ആരോഗ്യത്തിനു ദോഷകരമായ 328 മരുന്നു സംയുക്തങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചതോടെ വിജയത്തിലെത്തുന്നത് രണ്ടരവർഷത്തെ നിയമപോരാട്ടം. ഇതിനു മുൻപ് 344 മരുന്നുസംയുക്തങ്ങൾ നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത് 2016 മാർച്ച് പത്തിനാണ്. യുക്തിസഹമല്ലാത്ത മരുന്നുകൾ രാജ്യത്തെ ആരോഗ്യപരിപാലനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നതായി ലോകാരോഗ്യസംഘടന ഉൾപ്പെടെ വിമർശനമുയർത്തിയ സാഹചര്യത്തിലായിരുന്നു അത്.

സംയുക്തങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ മെഡിക്കൽ കൗൺസിൽ മുൻ മേധാവി പ്രൊഫ. ചന്ദ്രകാന്ത് കോകാടെയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. 1083 സംയുക്തങ്ങൾ വിശകലനത്തിന് വിധേയമാക്കിയ സമിതി നൂറുകണക്കിന് മരുന്നുകൾ ലോകത്തൊരിടത്തും ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 344 എണ്ണം നിരോധിച്ച് ഉത്തരവിറങ്ങിയത്.

ഓരോ ഇനത്തിനും വ്യത്യസ്തമായ ഉത്തരവുകളായിരുന്നു. ഏതെങ്കിലും മരുന്നുകൾ കോടതി വിധിയിലൂടെ നിരോധനം മറികടന്നാൽ അത് മറ്റുള്ളവയെയും ബാധിക്കാതിരിക്കാനായിരുന്നു ഇത്. എന്നാൽ, നിർമാതാക്കൾ വെറുതെയിരുന്നില്ല. പലരും പല കോടതികളിലായി നൂറുകണക്കിന് പരാതികൾ കൊടുത്തു. ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ നൽകി.

മറ്റുചില കോടതികൾ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഡൽഹി കോടതിവിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രസർക്കാർ ബന്ധപ്പെട്ട കേസുകൾ ഒന്നാകെ പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇതനുവദിച്ച കോടതി പൊതുജനാരോഗ്യ പ്രവർത്തകർക്ക് കേസിൽ ഇടപെടാനുള്ള അനുമതിയും നൽകി.

ഇത് ജനങ്ങളുടെ ആരോഗ്യത്തിന്റെ വിഷയമാണെന്നുള്ള ഐഡാൻ തുടങ്ങിയ സംഘടനകളുടെ വാദം കോടതി മുഖവിലയ്ക്കെടുത്തു. അങ്ങനെയാണ് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡിന്റെ ഉത്തരവാദിത്വത്തിൽ മരുന്നുകളുടെ വിലയരുത്തൽ നടത്താൻ കോടതി ഉത്തരവിട്ടത്. ഇക്കാലയളവിനുള്ളിൽ നിരോധിക്കപ്പെട്ട അഞ്ചുമരുന്നുകൾ കൂടിച്ചേർത്ത് 349 എണ്ണമാണ് ഇവർ പരിഗണിച്ചത്.

ആറെണ്ണത്തിന് വിതരണനിയന്ത്രണവും ബാക്കി 343 എണ്ണം നിരോധിക്കാനുമുള്ള ശുപാർശയായിരുന്നു ഉപസമിതിയുടേത്. ഇതിനിടെ കോടതിയുടെ നിർദേശപ്രകാരം 15 മരുന്നുകൾ ഒഴിവാക്കിയാണ് പുതിയ പട്ടിക ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയത്.

രോഗത്തിനും അനുബന്ധപ്രശ്നങ്ങൾക്കുമുള്ള ഒന്നിലധികം രാസചേരുവകൾ ഒരു മരുന്നാക്കി നൽകുന്നതിനെയാണ് സംയുക്തങ്ങളെന്ന് വിളിക്കുന്നത്. ഔഷധക്കൂട്ടുകളുടെ രാസനാമമാണ് ഉത്തരവിലുള്ളത്. അതിനാൽത്തന്നെ ഇവയുടെ ബ്രാൻഡിനങ്ങൾ പതിനായിരക്കണക്കിന് വരും.

15 എണ്ണവും കൂടി നിരോധിക്കണം

നിരോധനം സ്വാഗതാർഹമാണ്. എന്നാൽ, സാങ്കേതിക കാരണങ്ങളുടെ ബലത്തിൽ 15 എണ്ണം ഒഴിവായതിനെ അംഗീകരിക്കുന്നില്ല. കോടതി പറഞ്ഞതിൻപ്രകാരം പുതിയ സമിതിയെ നിയോഗിച്ച് ഇവയും നിരോധിക്കണം.

-മാലിനി ഐസോള,

കോ-കൺവീനർ

ഓൾ ഇന്ത്യ ഡ്രഗ്‌സ് ആക്‌ഷൻ നെറ്റ് വർക്ക്