മലപ്പുറം: ജീവന്‍രക്ഷാപട്ടികയിലുള്ള മരുന്നുകളുടെ വിലയില്‍ 86 ശതമാനംവരെ കുറവുവരുത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കുറവുവന്ന 10 മരുന്നുകളുടെ പേരും ദേശീയ ഔഷധവില നിയന്ത്രണസമിതി പുറത്തുവിട്ടു. എന്നാല്‍, പട്ടികയിലുള്ള പലതിന്റെയും വിപണിസാന്നിധ്യം കുറവാണെന്ന് ആരോപണമുണ്ട്.

അര്‍ബുദത്തിനുള്ള ഗുളിക ജെഫിറ്റിനാബിന് 86 ശതമാനം കുറഞ്ഞ് 397.68 രൂപയായി. സ്‌കിസോഫ്രീനിയയ്ക്കുള്ള റിസ്‌പെരിഡോണ്‍ രണ്ടുതരത്തിന് 83 ശതമാനത്തിനുമുകളിലും ഒരെണ്ണത്തിന് 79.12 ശതമാനവുമാണ് കുറവ്.

ബൈക്കാലുറ്റാമൈഡ് (വൃഷണാര്‍ബുദം), ലിട്രോസോള്‍ (സ്തനാര്‍ബുദം), ടിമോസോളോമൈഡ് -രണ്ടിനങ്ങള്‍ (മസ്തിഷ്‌കാര്‍ബുദം), ഡോക്‌സിസൈക്ലിന്‍ (എലിപ്പനി, മഞ്ഞപ്പിത്തം) എന്നിവയ്ക്ക് വലിയതോതില്‍ വില കുറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനമുള്ള എസ്‌കിറ്റാലോപ്രം (മാനസികസമ്മര്‍ദം) ഗുളികയുടെ വിലയില്‍ 65.94 ശതമാനമാണ് കുറവ്. ഒരുവര്‍ഷത്തിനുള്ളില്‍ 716 മരുന്നുകളെ വിലനിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും സമിതി വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്റെ കണക്കുകള്‍ ശരിയാകാമെങ്കിലും രാജ്യത്ത് വലിയതോതില്‍ വിറ്റഴിക്കുന്ന ചിലവ ജീവന്‍രക്ഷാമരുന്നുപട്ടികയില്‍ ഉള്‍പ്പെടാത്തതെന്തുകൊണ്ടാണെന്ന സംശയമുയരുന്നുണ്ട്. മുന്‍പറഞ്ഞ പട്ടികയിലെ ലിട്രോസോള്‍ മാത്രമാണ് ഭേദപ്പെട്ടരീതിയില്‍ വില്‍ക്കുന്നത്. ഡോക്‌സിസൈക്ലിന്‍ പ്രധാന മരുന്നാണെങ്കിലും ഇതിന്റെ സംയുക്തങ്ങള്‍ക്കാണ് വിപണിയില്‍ മേല്‍ക്കൈ. ഡോക്‌സിസൈക്ലിന്‍ രാസമൂലകം വിലനിയന്ത്രണത്തിലുള്ളതാണ്. ഇതിന്റെ 100 എം.ജി. ഗുളികയ്ക്ക് 92 പൈസയും കാപ്‌സ്യൂളിന് 2.37 രൂപയുമാണ് വില. ഈ രാസമൂലകവും ലാക്ടോബാസിലസും ചേര്‍ന്ന് മരുന്നിന്റെ വില ഒന്നിന് 5.70 രൂപയോളമാണെന്ന വസ്തുതയും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പലതവണ ഉന്നയിച്ചിട്ടും ശ്വാസംമുട്ടലിനുള്ള മോണ്ടെലുകാസ്റ്റെന്ന രാസമൂലകത്തെ വിലനിയന്ത്രണത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ലോകത്തുതന്നെ വളരെയേറെ ആസ്ത്മാരോഗികളുള്ള സ്ഥലമാണ് ഇന്ത്യ. കേരളത്തില്‍ ഒരുജില്ലയില്‍ പ്രതിമാസം 5000 പെട്ടി (ഒന്നില്‍ 100 ഗുളിക) വീതം വിറ്റഴിയുന്നതായാണ് ഏകദേശ കണക്ക്. ലിവോസിട്രിസിന്‍ എന്ന മൂലകംചേര്‍ന്ന സംയുക്തമാണിപ്പോള്‍ കൂടുതലും വില്‍ക്കുന്നത്. ഇതിന് ഗുളികയൊന്നിന് എട്ടുമുതല്‍ 15 രൂപവരെയാണ്. വലിയതോതില്‍ ആവശ്യക്കാരുള്ള ഇത്തരം മരുന്നുകള്‍ ജീവന്‍രക്ഷാപരിധിയില്‍ വരാത്തത് ദുരൂഹമാണെന്നാണ് ആരോപണം. അവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.