ആലപ്പുഴ: എട്ടുദിവസത്തിനിടെ കേരളത്തിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജന്റെ അളവ് ഉയർന്നത് 26.64 ടൺ. ഏപ്രിൽ 23-ന് 48.10 ടൺ മാത്രമേ ആവശ്യമായി വന്നിരുന്നുള്ളൂ. ഇത് കുത്തനെ ഉയർന്ന് 74.74 ടണ്ണായി. മേയ് രണ്ടിലെ കണക്കനുസരിച്ച് കോവിഡ്-കോവിഡിതര രോഗികൾക്കുള്ള പ്രതിദിന ആവശ്യം 111.48 ടണ്ണായി. 23-ന് രണ്ടുംകൂടി 89.95 ടൺ മതിയായിരുന്നു.

ദിവസേന ഉത്പാദിപ്പിക്കുന്നത് 204 ടണ്ണാണ്. ഇതിന്റെ പകുതിയിലധികം ഇപ്പോൾ ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ടാണ് കരുതൽശേഖരമൊരുക്കുന്നത്. മേയ് മൂന്നിലെ കണക്കനുസരിച്ച് കേരളത്തിലെ പ്ലാന്റുകളിൽ 270 ടൺ ദ്രവീകൃത ഓക്സിജൻ സ്റ്റോക്കുണ്ട്. 1745 ടൺ സംഭരിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. 32 ആശുപത്രികൾക്കാണ് ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ലൈസൻസുള്ളത്. ഇവിടങ്ങളിലായി 420 ടൺ വേറെയും സ്റ്റോക്കുണ്ട്.

ആകെ ഓക്സിജൻ നിറയ്ക്കൽ പ്ലാന്റുകൾ-23

പ്ലാന്റുകളിലെ ദ്രവീകൃത ഓക്സിജൻ സംഭരണശേഷി-225 ടൺ

ഓക്സിജൻ (മെഡിക്കൽ, വ്യാവസായികം) നിറയ്ക്കൽ കേന്ദ്രങ്ങൾ-998

ഒരുദിവസം നിറയ്ക്കാവുന്ന സിലിൻഡറുകൾ-10772 എണ്ണം

ദിവസേന നിറയ്ക്കാവുന്ന അളവ്-90.6 ടൺ

സിലിൻഡറുകൾ പിടിച്ചെടുത്തുതുടങ്ങി

: സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ സംഭരണം കൂട്ടുന്നതിന്റെ ഭാഗമായി വ്യാവസായിക സിലിൻഡറുകൾ പിടിച്ചെടുത്തുതുടങ്ങി. ഇതുവരെ 1721 സിലിൻഡറുകളാണ് കളക്ടർമാരുടെ നേതൃത്വത്തിൽ ഏറ്റെടുത്തത്. തിരുവനന്തപുരം (206), കൊല്ലം (74), പത്തനംതിട്ട (260), ആലപ്പുഴ (194), കോട്ടയം (220), ഇടുക്കി (329), എറണാകുളം (301), കോഴിക്കോട് (10), വയനാട് (66), കണ്ണൂർ (61) എന്നിങ്ങനെയാണ് ഇതുവരെ സിലിൻഡറുകൾ ഏറ്റെടുത്തത്. ഇവയിൽ 732 എണ്ണം മെഡിക്കൽ ഓക്സിജൻ സിലിൻഡറാക്കി മാറ്റി. ബാക്കിയുള്ളവയുടെ ജോലികൾ നടക്കുകയാണെന്ന് പെസോ(പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ) കോവിഡ് നോഡൽ ഓഫീസർ ഡോ. ആർ. വേണുഗോപാൽ പറഞ്ഞു.