ജീവിതത്തിന്റെ സിംഹഭാഗവും മുംബൈയിലും ഡൽഹിയിലും കഴിച്ചുകൂട്ടിയ ഒരു മുപ്പത്തിമൂന്നുകാരൻ 1984 ഒക്ടോബറിൽ മാതൃഭൂമി ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായി നിയമിതനായി. മലയാളത്തിൽ എഴുതാനുള്ള അയാളുടെ കഴിവ് നാമമാത്രമായിരുന്നു. പുതിയ പത്രാധിപരായി ഇങ്ങനൊരാളെ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ തിരഞ്ഞെടുത്തത് പത്രത്തിന്റെ നിലവാരം കുത്തനെ താഴ്ത്തുമെന്നും അങ്ങനെ അതിന്റെ സ്വാധീനം കുറയ്ക്കുമെന്നും കരുതപ്പെട്ടു. എന്നാൽ, മറിച്ചാണു സംഭവിച്ചത്.

മാനേജിങ് ഡയറക്ടറുടെ പിന്തുണയോടെയും കഴിവുറ്റ പത്രപ്രവർത്തകസംഘത്തിന്റെ സഹായത്തോടെയും പുതിയ പത്രാധിപർ (പലപ്പോഴും അത്ര മര്യാദയോടെയായിരുന്നില്ല) പത്രത്തെ അന്വേഷണാത്മക റിപ്പോർട്ടിങ്ങിന്റെ പാതയിലേക്കു നയിച്ചു. വി.വി.ഐ.പി.കൾ അതുവരെ ആസ്വദിച്ചിരുന്ന പ്രതിരോധം ഉരിഞ്ഞുമാറ്റപ്പെട്ടു. യുവാക്കളായ പത്രപ്രവർത്തകരാണ് അതുചെയ്തത്. അവരുടെ പേരുകൾ പതിവായി പത്രത്തിന്റെ ഒന്നാംപേജിൽവന്നു. അതുവരെ ഇതിൽനിന്നു വ്യത്യസ്തമായ പത്രപ്രവർത്തനം പരിചയിച്ചിരുന്നവരിൽനിന്ന് കടുത്ത പ്രതികരണമാണുണ്ടായത്. പക്ഷേ, വീരൻ അദ്ദേഹം തിരഞ്ഞെടുത്ത പത്രാധിപർക്കൊപ്പം നിന്നു. 1985-ലും 1986-ലും പത്രം നന്നായി മുന്നോട്ടുപോയി.

1970-കളിലെ വാട്ടർഗേറ്റ്, പെന്റഗൺ പേപ്പേഴ്സ് രീതിയിലുള്ള മാധ്യമപ്രവർത്തനത്താൽ പ്രചോദിപ്പിക്കപ്പെട്ട് അധികാരമുള്ളവരെ ചൊടിപ്പിക്കുകയും മികച്ച രാജ്യം കാണാനാഗ്രഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ നിരന്തരം അച്ചടിക്കപ്പെട്ടു. ആഴ്ചപ്പതിപ്പിന്റെ താളുകൾ പുതിയ എഴുത്തുകാർക്കും പുതിയ ആശയങ്ങൾക്കുമായി തുറന്നുകൊടുത്തു. ഭൂരിപക്ഷം വായനക്കാരും ആ മാറ്റത്തെ സ്വാഗതം ചെയ്തു.

അതേസമയം, പത്രാധിപരെക്കൊണ്ട് മാനേജിങ് ഡയറക്ടർക്കെതിരേ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിവന്നു. വീരന് അറിയാവുന്ന ഒരാൾ ഉൾപ്പെട്ട റോഡപകടത്തിന്റെ കടലാസുകെട്ടുമായി ഒരു സർക്കിൾ ഇൻസ്പെക്ടർ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്ത് പത്രാധിപരുടെ വീടുവരെവന്നു. കേസ് ‘മുന്നോട്ടു കൊണ്ടുപോകാനായി’ വിളിക്കേണ്ടവരുടെ പേരുകളുടെയും ടെലിഫോൺ നമ്പറുകളുടെയും പട്ടിക അദ്ദേഹം പത്രാധിപർക്കു കൈമാറി.

പത്രാധിപർ പക്ഷേ, ഒരു നമ്പറിലേക്കും വിളിച്ചില്ല. പോലീസുകാരൻ പോയതിനുപിന്നാലെ ആ പേരുകളുടെയും നമ്പറുകളുടെയും പട്ടിക അദ്ദേഹം കീറിക്കളഞ്ഞു. പത്രാധിപരെ മാനേജിങ് ഡയറക്ടറിൽനിന്ന് അകറ്റാൻ ചിലർ പ്രവർത്തിച്ചിരുന്നതുപോലെ, വീരന് പത്രാധിപരോടുണ്ടായിരുന്ന മമതയും വിശ്വാസവും ഇല്ലാതാക്കാൻ മറ്റുചിലരും നോക്കി. ആ പത്രാധിപരാണ് ഈ കുറിപ്പ് എഴുതുന്നത്.

ഒരേ നഗരത്തിലായിരിക്കുമ്പോൾ വീരനും ഈ എഴുത്തുകാരനും മിക്കവാറും ഒരുമിച്ചു നടക്കാറുണ്ടായിരുന്നു. ആ നടപ്പുകളിലൊരിക്കലും മാതൃഭൂമിയെന്ന വിഷയം കടന്നുവരാറില്ലായിരുന്നു. ഈ ലോകത്തിൽ, ജീവിതത്തിൽ, സാഹിത്യത്തിലൊക്കെയായിരുന്നു വീരനു താത്പര്യം. അത്തരം കാര്യങ്ങൾ സംസാരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ആനന്ദം. ഈ എഴുത്തുകാരനും അതെ. ഇത്തരം താത്പര്യങ്ങൾക്കൊപ്പം അദ്ദേഹം വളരെ കാര്യപ്രാപ്തനായ ഭരണാധികാരിയുമായിരുന്നു. വിശദാംശങ്ങൾക്കും ആസൂത്രണത്തിനുമായി ധാരാളം സമയം ചെലവഴിച്ചിരുന്നു അദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയാകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, മന്ത്രിയെന്ന നിലയിൽ ടി.എ. പൈ ചെയ്തതുപോലെ വളരെ മികച്ചരീതിയിൽ അദ്ദേഹം പ്രവർത്തിച്ചേനെ. സഹമന്ത്രിപദത്തിൽ ചില ചെറിയ കാലയളവുകൾ ലഭിച്ചതല്ലാതെ, അങ്ങനെയൊരവസരം ഒരിക്കലും അദ്ദേഹത്തിനുണ്ടായില്ല. അഥവാ അവസരം വന്നിട്ടും അദ്ദേഹം സ്വീകരിച്ചില്ല.

1987-ലെ ആ സംഭവവികാസങ്ങൾ ഒഴിവാക്കാവുന്നതായിരുന്നോ? ഞങ്ങൾ രണ്ടുപേരും ആ സമയത്ത് പരസ്പരം കൂടുതൽ സംസാരിക്കുകയും ഇരുവർക്കുമെതിരേ പ്രചരിച്ചിരുന്ന അപവാദങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ അതിനുകഴിഞ്ഞേനെ. ജീവിതത്തിൽ തിരിഞ്ഞുനോട്ടം നല്ലതാണ്. പക്ഷേ, ആ വഴിയിൽ കൂടുതൽ തങ്ങിനിൽക്കേണ്ടതില്ല. വീരന്റെയും പി.വി. ചന്ദ്രന്റെയും മക്കൾ മിടുക്കരാണെന്നതാണു ശുഭവാർത്ത. ഇപ്പോൾ മാതൃഭൂമിയുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. കമ്പനിയുടെ മാധ്യമസ്ഥാപനങ്ങൾ ഇനിയും മെച്ചപ്പെടുമെന്ന കാര്യത്തിൽ ഈ എഴുത്തുകാരന് ഉറപ്പുണ്ട്.

ലോകത്തെ തങ്ങളെക്കാൾ വലുതായിക്കണ്ടവരാണ് മാതൃഭൂമി സ്ഥാപിച്ചത്. രാജ്യത്തിനു പിന്തുണയും വായനക്കാർക്കു മാർഗദർശനവും നൽകുന്നരീതിയിലാണ് അവരതിനു രൂപംകൊടുത്തത്. അതിന്റെ താളുകളിലും ടെലിവിഷൻ ചാനലുകളിലും പറയാൻ കാത്തുകിടക്കുന്ന ഒട്ടേറെ വാർത്തകളുണ്ട്. ഇരുണ്ടമൂലകളിലേക്ക്‌, ഒരിക്കലും ഇരുണ്ടുകിടക്കാൻ അനുവദിക്കാനാവാത്ത മേഖലകളിലേക്ക്, വെളിച്ചംവീശാൻ പ്രാപ്തമായ വാർത്തകൾ.

മാതൃഭൂമിയുടെ പതാക ഉയർന്നുപാറുന്നെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ശ്രേയാംസ് കുമാറിന്റേതാണ്. ഒരു ചെറിയ കമ്പനിയെ വീരൻ കോർപ്പറേറ്റ് ശക്തിയാക്കിമാറ്റി. വർത്തമാനപത്രം ചരിത്രത്തെ രേഖപ്പെടുത്തുന്നതല്ല, ചരിത്രം സൃഷ്ടിക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള അടുത്ത ഊഴം അദ്ദേഹത്തിന്റെ പിൻഗാമിയായെത്തുന്ന മാനേജിങ് ഡയറക്ടർക്കാണ്. 1984-ൽ എന്നതുപോലെ ഇതു സാധ്യമാക്കാൻ സഹായിക്കാനാവുന്ന പ്രഗല്‌ഭർ ആ സ്ഥാപനത്തിലുണ്ട്. മാതൃഭൂമിയുടെ വിജയത്തിൽ പങ്കാളികളാകാൻ അവർക്കു കഴിയട്ടെയെന്ന് പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. അത് യാഥാർഥ്യമാകുന്നത് വീരനെ സന്തോഷിപ്പിക്കും. കാരണം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശമായ മാതൃഭൂമിയുടെ പ്രയാണം അദ്ദേഹത്തിന്റെ ആത്മാവ് എക്കാലവും ശ്രദ്ധിച്ചുകൊണ്ടിരിക്കും.

content highlights: md nalapat remembers mp veerendra kumar