MC Josephine

വിവാദപരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനം
രാജിവെച്ച എം.സി. ജോസഫൈന്‍
തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍നിന്ന് പുറത്തുവരുന്നു

തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയതിന്റെപേരിൽ വിവാദത്തിലായ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജിവെച്ചു. 2017 മേയ് 27-ന് ചുമതലയേറ്റ ജോസഫൈന് ഒമ്പതുമാസം കാലാവധി ബാക്കിയുണ്ടായിരുന്നു. പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായയുണ്ടാക്കുന്ന നടപടിയാണുണ്ടായതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാജി. തന്റെ ഭാഗം യോഗത്തിൽ ജോസഫൈൻ വിശദീകരിച്ചെങ്കിലും രാജിവേണമെന്നായിരുന്നു പാർട്ടി നിലപാട്.

ഭർത്താവ് ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഒരു ചാനൽ പരിപാടിക്കിെട ഫോണിലൂടെ പരാതിപറഞ്ഞ എറണാകുളം സ്വദേശിനിയോട്‌ മോശമായി പ്രതികരിച്ചതാണ് വിനയായത്. എന്തുകൊണ്ട് പോലീസിൽ പരാതിനൽകിയില്ലെന്നും അതിനാൽ അനുഭവിച്ചോയെന്നുമായിരുന്നു ജോസഫൈൻ പരാതിക്കാരിയോട് പറഞ്ഞത്.

കേന്ദ്രകമ്മിറ്റി അംഗമാണ് ജോസഫൈൻ. ഭർതൃപീഡനത്തിന്റെപേരിൽ വിസ്മയയുടെ മരണവും സ്ത്രീധനവിരുദ്ധ നിലപാടും ചർച്ചയാകുന്ന ഘട്ടത്തിൽ മുതിർന്ന പാർട്ടി നേതാവിന്റെ പ്രതികരണം സി.പി.എമ്മിന് വലിയ ക്ഷീണമായി. പാർട്ടി അംഗങ്ങളും അനുഭാവികളും അടക്കം ഇതിനെതിരേ രംഗത്തുവന്നിരുന്നു.

നേരത്തേയും വിവാദ പ്രതികരണം

ആവർത്തിച്ചുണ്ടാകുന്ന വിവാദ പ്രതികരണങ്ങളും ഇപ്പോഴത്തെ നടപടിക്ക് കാരണമായി. മുൻ എം.എൽ.എ. പി.കെ. ശശിക്കെതിരേ ഡി.വൈ.എഫ്.ഐ.യിലെ യുവതി പാർട്ടിക്ക് പരാതിനൽകിയ സംഭവത്തിൽ, ഞങ്ങളുടെ പാർട്ടിക്ക് പോലീസ് സ്റ്റേഷനും കോടതിയുമുണ്ടെന്നായിരുന്നു ജോസഫൈന്റെ പ്രതികരണം. അയൽവാസിയുടെ ഉപദ്രവത്തെക്കുറിച്ച് പരാതിപറഞ്ഞ 87 വയസ്സുള്ള ഒരു സ്ത്രീയോട് നേരിട്ട് ഹാജരാകണമെന്ന്‌ പരുഷഭാഷയിൽ അവർ സംസാരിച്ചതും വിവാദമായതാണ്. കമ്മിഷൻ സിറ്റിങ്ങിനിടയിലും മോശം പെരുമാറ്റം പരാതിക്കാരായ സ്ത്രീകൾക്ക് നേരിടേണ്ടിവന്നുവെന്ന ആക്ഷേപം ഇതിനു പുറമേയും ഉയർന്നിട്ടുണ്ട്. വയനാട്, കൊല്ലം സ്വദേശികളായ രണ്ടു യുവതികൾ പരാതി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.