തിരുവനന്തപുരം: ഡോക്ടർമാർക്കെതിരേ വർധിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥികളൊരുക്കിയ റാപ് മ്യൂസിക് വീഡിയോ വൈറൽ. അസുഖം ഭേദമായാൽ എല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരണമെന്നും പരാജയപ്പെട്ടാൽ ഡോക്ടറുടെ കഴിവുകേടെന്നും വിലയിരുത്തുന്ന സമൂഹമനസ്സാക്ഷിക്കെതിരായ സന്ദേശമാണ് ‘ഡോ. ദൈവം’ എന്ന സംഗീത ആൽബം. മൂന്നുദിവസംമുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വിഷ്വൽ മീഡിയ ആൻഡ് തിയേറ്റർ ക്ലബ്ബിന്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 25,000-ത്തിലധികം പേർ കണ്ട് അഭിപ്രായം രേഖപ്പെടുത്തി.

‘‘കഴിഞ്ഞദിവസം അസമിൽ ഒരു ഡോക്ടറെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തമിഴ്‌നാട്ടിലും സമാന സംഭവമുണ്ടായി. നമ്മുടെ സംസ്ഥാനത്തും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഡോക്ടർമാർ ദൈവമല്ല, അവരെ സാധാരണ ജോലിചെയ്യുന്ന മനുഷ്യരായി കാണണം’’ -ഇക്കാര്യങ്ങളാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നതെന്ന് എം.ബി.ബി.എസ്. വിദ്യാർഥികളായ അനന്തകൃഷ്ണപ്രസാദും അമ്പാടി എസ്. ശാസ്തയും പറയുന്നു.

മെഡിക്കൽ കോളേജ് ബാൻഡിലെ വോക്കലിസ്റ്റ് കൂടിയായ അനന്തകൃഷ്ണപ്രസാദും അബ്ദുൾ റാസിഖും ചേർന്നാണ് സംഗീതം നിർവഹിച്ചത്. ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കോളേജ് ഹോസ്റ്റൽ ടെറസിൽവെച്ച് 2017 ബാച്ച് വിദ്യാർഥികളായ അമ്പാടിയും കിരൺ അജിതുമാണ് ചിത്രീകരിച്ചത്. എം.പി. സുനുദേവ്, ശരൺ സന്തോഷ്, അക്ഷയ് കുമാർ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ഇവർ നേരത്തേ തയ്യാറാക്കിയ ‘ആന’ റാപ് മ്യൂസിക് വീഡിയോയും ശ്രദ്ധനേടിയിരുന്നു.

Content Highlights: MBBS Students' rap video goes viral