മട്ടന്നൂര്‍: നെല്ലൂന്നിയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെല്ലൂന്നി പെരുമ്പച്ചാലിലെ പി.ജിതേഷ്(27), അങ്കണവാടിക്ക് സമീപത്തെ പി. സൂരജ്(26) എന്നിവരെ പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു.

നെല്ലൂന്നി ഗ്രാമദീപം വായനശാലയ്ക്ക് മുന്നിലെ മില്‍മ കടയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് ജിതേഷിന് വെട്ടേറ്റത്. കള്ളുഷാപ്പ് തൊഴിലാളിയായ സൂരജിന് നെല്ലൂന്നി കള്ളുഷാപ്പില്‍ വെച്ചാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചുവെന്നാണ് പരാതി. കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന ജിതേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അരക്കിലോമീറ്റര്‍ അകലെയുള്ള കള്ളുഷാപ്പില്‍ കയറി സൂരജിനെയും വെട്ടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൂന്നു മാസത്തോളമായി നെല്ലൂന്നി മേഖലയില്‍ സി.പി.എം.-ആര്‍.എസ്.എസ്. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഇരുവിഭാഗത്തിലുമുള്ള പ്രവര്‍ത്തകര്‍ക്ക് പരിേക്കറ്റു. വാഹനങ്ങളും ഓഫീസുകളും ബസ് ഷെല്‍ട്ടറും തകര്‍ക്കുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ സി.ഐ. എ.വി.ജോണ്‍, എസ്.ഐ. കെ.രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.