മട്ടാഞ്ചേരി: കൊച്ചിയില്‍ ഒരു വിഭാഗം കണ്ടെയ്‌നര്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുന്നു. കയറ്റുമതി മത്സ്യം വാങ്ങാന്‍ കമ്പനികള്‍ വിമുഖത കാട്ടുന്നതാണ് പ്രശ്‌നം. നേരത്തെ വാങ്ങി ശേഖരിച്ച മത്സ്യം തന്നെ കയറ്റി അയക്കാന്‍ കഴിയാതെ ഗോഡൗണുകളിലും വെയര്‍ഹൗസുകളിലും കെട്ടിക്കിടക്കുകയാണ്. വീണ്ടും മത്സ്യം വാങ്ങിയാല്‍ സൂക്ഷിച്ച് വയ്ക്കാന്‍ സ്ഥലമില്ല. അതുകൊണ്ട് മീന്‍ എടുക്കാന്‍ മത്സ്യവ്യവസായ കമ്പനികള്‍ കൂട്ടാക്കുന്നില്ല.

കണവ, കൂന്തല്‍, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ കൂടുതലായി ലഭിക്കുന്ന സീസണാണിത്. ഏറ്റവും കൂടുതല്‍ മീന്‍ കയറ്റി അയക്കുന്ന സമയവുമാണ്. എന്നാല്‍, മീന്‍ വാങ്ങാന്‍ കമ്പനികള്‍ മടിക്കുന്നതിനാല്‍ കയറ്റുമതി മത്സ്യവില കുത്തനെ ഇടിയുന്നതായി ബോട്ടുടമാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു. കിലോയ്ക്ക് 420 രൂപ വരെ ലഭിച്ചിരുന്ന കണവയ്ക്ക് രണ്ട് ദിവസമായി 250 രൂപയാണ് വിലയിടുന്നത്. കൂന്തലിന്റെ വില 250 രൂപയില്‍ നിന്ന് 150 രൂപയായി. നാരന്‍ ചെമ്മീന് വില 400 രൂപയില്‍ നിന്ന് 250 രൂപയായി താഴ്ന്നു.

നല്ല ഡിമാന്‍ഡുണ്ടായിരുന്ന തെള്ളിച്ചെമ്മീന് തീരെ വിലയില്ലാതായി. നല്ല ഡിമാന്‍ഡുള്ള സീസണില്‍ വില കുത്തനെ കുറയുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ആഘാതമാണ്.

കണ്ടെയ്‌നറുകള്‍ നീങ്ങിത്തുടങ്ങാതെ മത്സ്യത്തിന് ശരിയായ വില ലഭിക്കില്ല. നേരത്തെ ലഭിച്ച ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ചരക്ക് എത്തിക്കാനാവാത്ത സ്ഥിതിയാണിപ്പോഴുള്ളതെന്ന് കയറ്റുമതി സ്ഥാപന ഉടമകള്‍ പറയുന്നു.കെട്ടിക്കിടക്കുന്നത്

രണ്ടായിരത്തോളം കണ്ടെയ്‌നറുകള്‍:
തൊഴിലാളി സമരത്തെ തുടര്‍ന്ന് രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്നത്. വ്യവസായ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുള്ളതാണ് ഇവ. കണ്ടെയ്‌നറുകളുടെ നീക്കം തടസ്സപ്പെട്ടതോടെ ഫാക്ടറികളില്‍ നിന്ന് ചരക്ക് നീക്കാനും കഴിയുന്നില്ല. കോയമ്പത്തൂര്‍, പൊള്ളാച്ചി മേഖലകളില്‍ നിന്നുള്ള ചരക്കുകള്‍ തൂത്തുക്കുടിയിലേക്ക് വഴിമാറിയിട്ടുണ്ട്. സമരം തുടരുന്നതിനാല്‍ ഏറ്റവും വേഗം ചരക്ക് കയറ്റി അയക്കാനുള്ള വഴി തേടുകയാണ് തമിഴ്‌നാട്ടിലെ സ്ഥാപനങ്ങള്‍.സമരക്കാര്‍ക്കെതിരെ സി.ഐ.ടി.യു. രംഗത്ത്:
ബി.എം.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് സമരത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വല്ലാര്‍പാടത്ത് പ്രകടനം നടത്തി. ഒരുവിധത്തിലുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെ അന്യായമായി സമരം നടത്തുന്നവര്‍ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളുകയാണെന്ന് സി.ഐ.ടി.യു. ഭാരവാഹികള്‍ ആരോപിച്ചു.

പ്രതിഷേധ യോഗം എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. കെ.വി. അജയന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്‌സി എം.എല്‍.എ., ബി. ഹംസ, ബെന്നി ഫെര്‍ണാണ്ടസ്, ബൈജു, ആന്റണി കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാത്ത വിഷയം:
ബി.എം.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം തീര്‍പ്പാക്കുന്നതിന് ഇതുവരെ കാര്യമായ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. ജില്ലാ കളക്ടര്‍ ഒരു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരത്തിനു മുമ്പ് കളക്ടര്‍ വിളിച്ച യോഗത്തില്‍ സമരം നടത്തുന്ന സംഘടനയുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല.

മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാത്ത വിഷയം ഉന്നയിക്കുന്നതിനാല്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടാണ് അധികൃതര്‍ക്ക്.

ഒരു യൂണിയന്‍ മാത്രമാണ് സമരം നടത്തുന്നത്. ലോറികളില്‍ അമിതഭാരം കയറ്റുന്നതിന്റെ പേരില്‍ ലോറി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നു എന്ന പേരിലാണ് സമരം.