കൊച്ചി: മീൻ വീട്ടിലെത്തിക്കാൻ ഒരുക്കങ്ങളുമായി മത്സ്യഫെഡ്. വാട്‌സാപ്പിൽ മെസേജ് അയച്ചാൽ വീട്ടിലേക്ക് മീനെത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് മീൻ എത്തിക്കുക. ജില്ലയിൽ മുഴുവൻ ഈ സംവിധാനം ആരംഭിക്കാനാണ് തീരുമാനം. ലോക്‌ഡൗൺ ആയതോടെ മത്സ്യഫെഡിന്റെ മീൻകടകളിലേക്ക് ആളുകൾ എത്തുന്നതിൽ കുറവ് വന്നു.

ഇതോടെയാണ് ഉപഭോക്താക്കൾക്ക് മീൻ എത്തിച്ചു നൽകാൻ തീരുമാനിച്ചത്. ഫ്രീസറുള്ള വാഹനത്തിൽ മീനുമായി പ്രധാനയിടങ്ങളിൽ എത്തി വില്പന നടത്തുന്ന രീതി മത്സ്യഫെഡ് ഇപ്പോൾത്തന്നെ നടപ്പാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ ഓരോ സ്ഥലങ്ങളിൽ എത്തുകയാണ് ചെയ്യുന്നത്. പച്ചമീൻ, വൃത്തിയാക്കിയ മീൻ, മത്സ്യ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് എത്തിക്കുന്നത്.

ഇതിൽനിന്ന് വ്യത്യസ്തമായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മീൻ വീട്ടിൽ എത്തിക്കുന്നതാണ് പുതിയ പദ്ധതി. ഇരുചക്ര വാഹനത്തിലാണ് വീടുകളിലേക്ക് മീൻ എത്തിക്കുന്നത്. അഞ്ചു കിലോമീറ്റർ വരെ 20 രൂപയും 10 കിലോമീറ്റർ വരെ 30 രൂപയുമാണ് ഡെലിവറി ചാർജ്. ഫിഷറീസ് വകുപ്പിന്റെ ഫാമുകളിൽനിന്നുള്ള മീനും ഇങ്ങനെ എത്തിക്കാനാണ് തീരുമാനം.