പാലക്കാട്: ജില്ലയുടെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ചുള്ള കോഴി കള്ളക്കടത്തിനുപിന്നില്‍ വന്‍ മാഫിയ. കോഴിക്കടത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ 'മാതൃഭൂമി ന്യൂസ്' ചാനല്‍ സംഘത്തിനു നേരേയും വധശ്രമമുണ്ടായി. പിന്തുടരവേ, മിനിലോറി കാറില്‍ ഇടിപ്പിച്ചാണ് രാത്രി ഇവര്‍ കടന്നത്.

തിങ്കളാഴ്ച കൊഴിഞ്ഞാമ്പാറ പട്ടത്തലച്ചിക്ക് സമീപം കള്ളക്കടത്ത് വാഹനത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തവേയാണ് 'മാതൃഭൂമി ന്യൂസ്' സംഘം സഞ്ചരിച്ച കാറില്‍ മിനിലോറി ഇടിപ്പിച്ചത്. വാണിജ്യനികുതി ഇന്റലിജന്‍സ് സംഘത്തിനൊപ്പം നീങ്ങവേയായിരുന്നു ഇത്. വിജനമായ റോഡിലൂടെ നീങ്ങിയ കാറിനുമുന്നിലേക്ക് ഊടുവഴിയില്‍ നിന്നു വന്ന മിനിലോറി ഓടിച്ചു കയറ്റുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ വേഗത്തില്‍ ദിശമാറ്റിയതോടെയാണ് വലിയ അപകടം ഒഴിവായത്.

മണ്ണാര്‍ക്കാട് നാട്ടുകല്‍ തൊട്ടിപ്പറമ്പില്‍ ടി.പി.ഉമ്മറിന്റെ കെ.എല്‍. 50- 5791 എന്ന മിനിലോറി ഉപയോഗിച്ചായിരുന്നു വധശ്രമം. സംഭവത്തില്‍ കാറിന്റെ ഹെഡ് ലൈറ്റും ബംബറും പൊട്ടി. റേഡിയേറ്റര്‍ തകരാറിലായി. നിര്‍ത്താതെ പോയ മിനിലോറിയെ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

ദിവസങ്ങള്‍ക്കുമുന്‍പ് നടുപ്പിണിക്കു സമീപം ഊടുവഴി കയറിയ ലോറിയെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തവേ, സ്വകാര്യകാറിലെത്തിയ മൂന്നംഗസംഘം മാധ്യമവാഹനം തടഞ്ഞിട്ടു. കെ.എല്‍. 54 സി 1500 എന്ന നമ്പറിലുളള കാറിലാണ് ഇവര്‍ എത്തിയത്. കൊഴിഞ്ഞാമ്പാറ ആലമ്പാടി വലിയവള്ളംപതി സ്വദേശി എസ്. അബ്ദുള്‍ സാലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.

കാറുകള്‍ കൊണ്ട് തടസ്സം സൃഷ്ടിച്ച് വാണിജ്യനികുതി ഇന്റലിജന്‍സ് വാഹന മുന്നേറ്റം പൂര്‍ണമായി തടഞ്ഞാണ് പാലക്കാട്ട് കോഴി കള്ളക്കടത്ത് തുടരുന്നത്. നികുതി വകുപ്പിന്റെ നീക്കങ്ങള്‍ പരാജയപ്പെടുത്തുന്ന മാഫിയനീക്കത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം 'മാതൃഭൂമി ന്യൂസ്' ചാനല്‍ പുറത്തുവിട്ടിരുന്നു.